വത്തിക്കാന്‍ സിറ്റി:ജപമാല പ്രാര്‍ത്ഥന ഏറ്റവും മനോഹരമായ പ്രാര്‍ത്ഥനയാണെന്നും ജപമാലയിലൂടെ നാം ക്രിസ്തുവിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ മാതാവിനോടൊപ്പം ധ്യാനിക്കുകയാണ് ചെയ്യുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ ജപമാല റാണിയുടെ തിരുനാള്‍ ദിനത്തില്‍ പൊതുദര്‍ശന വേളയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.
നിങ്ങളുടെ കൈയിലോ പോക്കറ്റിലോ ജപമാലയുണ്ടായിരിക്കണം. ജപമാലയ്ക്കു വേണ്ടി പ്രത്യേകമായി നീക്കിവച്ചിരിക്കുന്ന ഈ മാസത്തില്‍ ജപമാലയുടെ സൗന്ദര്യം വീണ്ടും കണ്ടെത്താനുള്ള അവസരമാണ് ഇത്. അനേകം നൂറ്റാണ്ടുകളായി ക്രൈസ്തവരുടെ വിശ്വാസത്തെ പരിപോഷിപ്പിച്ച പ്രാര്‍ത്ഥനയാണ് ജപമാല.
പരിശുദ്ധ അമ്മ തന്റെ പ്രത്യക്ഷീകരണത്തിന്‌റെ അവസരങ്ങളിലെല്ലാം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. പ്രത്യേകിച്ച് ലോകം മുഴുവന്‍ ഭീഷണികളും പ്രതിസന്ധികളും നേരിടുമ്പോള്‍.
ഇന്ന് ഈ പകര്‍ച്ചവ്യാധിയുടെ കാലത്ത് ജപമാല നമ്മുടെ കൈകളിലുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നാം നമുക്കുവേണ്ടിയും നമ്മള്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടിയും ലോകം മുഴുവനു വേണ്ടിയും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. പാപ്പ ഓര്‍മ്മിപ്പിച്ചു.