ക്രിസ്ത്യാനികൾ നവംബർ മാസം ആരംഭിക്കുന്നത് സകല വിശുദ്ധരുടേയും തിരുനാൾ ആഘോഷിച്ചുകൊണ്ടാണ്. മണ്ണിലെ പുണ്യപൂർണമായ ജീവിതത്താൽ ദൈവത്തെ പ്രസാദിപ്പിക്കുകയും പിന്നീട് അൾത്താര വണക്കത്തിനായി ഉയർത്തപ്പെടുകയും ചെയ്ത നമുക്കറിയാവുന്നതും അല്ലാത്തതുമായ എല്ലാ പുണ്യവാന്മാരോടും ചേർന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്ന ദിവസമാണത്. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാ മരിച്ചവിശ്വാസികളെയും പ്രാർത്ഥനാപൂർവം അനുസ്മരിക്കുകയാണ് ചെയ്യുന്നത്. സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുമ്പോൾ അവരിൽ വളരെക്കുറച്ച് പേരെ മാത്രമേ നാം വായിച്ചും കേട്ടുമൊക്കെ അറിഞ്ഞിട്ടുണ്ടാവുകയുള്ളു. എന്നാൽ എല്ലാ മരിച്ചവർക്കുമായി പ്രാർത്ഥിക്കുന്ന ദിവസം അവരിൽ കുറേയേറെപ്പേരെ നാം നമ്മുടെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുണ്ടാകുമെന്നുറപ്പാണ്. അക്കൂട്ടത്തിൽ നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളും മറ്റ് പല പ്രിയപ്പെട്ടവരുമുണ്ടാകും. വിശുദ്ധരുടെ തിരുനാളിനേക്കാൾ ചിലർക്കെങ്കിലും പ്രിയമുള്ളത് മരിച്ചുപോയ വിശ്വാസികളെ പൊതുവായി ഓർമ്മിക്കുന്ന ഈ ദിനത്തോടാകും.
നവംബർ രണ്ടാം തിയതിയോ അല്ലെങ്കിൽ ഈ മാസത്തിലെ ഏതെങ്കിലുമൊരു ദിവസമോ തങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കം ചെയ്ത സിമിത്തേരിയിൽ പോവുകയും അവരുടെ ഓർമ്മയിൽ കുറച്ചുനേരമെങ്കിലും പ്രാർത്ഥനാ നിരതരാവുകയും ചെയ്യുന്ന രീതി ധാരാളം വിശ്വാസികൾ കാലങ്ങളായി ചെയ്തുവരുന്നതാണ്. അവിടെ ചെന്നു നിൽക്കുമ്പോൾ നാമറിയാതെ തന്നെ ജീവിതത്തിന്റെയും മരണത്തിന്റെയും അർത്ഥവും വ്യാപ്തിയും നിത്യതയെക്കുറിച്ചുള്ള കുറേ ബോധ്യങ്ങളും നമ്മുടെ ഉള്ളിൽ ഉയർന്നുവരും എന്നത് സത്യമാണ്. അതുപോലെ തങ്ങളുടെ ഒപ്പം ശാരീരികമായി ഇനിയവരില്ല എന്നറിയുമ്പോഴും, ആ ജീവിതങ്ങളിലൂടെ കൈവന്നുചേർന്ന നന്മകൾ കാലങ്ങൾ കഴിഞ്ഞിട്ടും മിഴിവാർന്നു നിൽക്കുന്നതായി തിരിച്ചറിയുകയും ചെയ്യും.
മരണത്തേക്കാൾ സ്വാഭാവികമായി മറ്റൊന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുകയില്ല എന്നാണ് അമേരിക്കൻ കവിയായ വാൾട്ട് വിറ്റ്മാൻ പറയുന്നത്. അതുപോലെ മരിക്കുന്നത് ജനിക്കുന്നതിനോളം സ്വാഭാവികമായ ഒന്നാണെന്ന് ഫ്രാൻസീസ് ബേക്കനും പറയുന്നു ഈ പറച്ചിലുകളെല്ലാം ശരിയായ വസ്തുത തന്നെയാണ് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.
എങ്കിലും മരണത്തെ ഉൾക്കൊള്ളുവാനും സ്വികരിക്കാനും ആർക്കും അത്ര എളുപ്പമല്ല. പക്ഷേ നാം ഒരുങ്ങിയിരുന്നേ മതിയാകൂ കാരണം ജീവിതത്തിൽ നമ്മൾ എത്രമാത്രം ഒഴിവാക്കാനായി പരിശ്രമിച്ചാലും നമ്മിലെത്തിച്ചേരുമെന്ന് ഉറപ്പുള്ള ഒരേയൊരു സത്യമാണ് മരണം. മരിച്ച വിശ്വാസികളെ പ്രത്യേകമായി ഓർക്കുകയും പ്രാർത്ഥിക്കുകയുമൊക്കെ ചെയ്യുന്നത് ഇപ്പോൾ ജീവിച്ചിരിക്കുന്നവരായ നമുക്ക് നമ്മുടെ ജീവിതത്തെ കുറച്ചുകൂടി മെച്ചപ്പെട്ടതാക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഫ്രാൻസീസ് മാർപാപ്പയുടെ വാക്കുകൾ ഇപ്രകാരമാണ്: “മരണത്തെക്കുറിച്ചുള്ള ചോദ്യം ശരിക്കും ജീവിതത്തെക്കുറിച്ചുള്ള ചോദ്യമാണ്. ഒരുപക്ഷേ, ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും വലിയ മനുഷ്യ ഉത്തരവാദിത്തത്തെക്കുറിച്ചാൺ‍് മരണം ഓർമ്മിപ്പിക്കുന്നത്, കാരണം മരണമാണ് ജീവിതത്തെ ജൈവീകമായി നിലനിർത്താൻ അനുവദിക്കുന്നത്. മരണമെന്ന യാഥാർത്ഥ്യം വിവിധ സമുദായങ്ങളെയും ജനങ്ങളെയും സംസ്കാരങ്ങളെയും യുഗങ്ങളിലുടനീളം എല്ലാ രാജ്യങ്ങളിലും രൂപപ്പെടുത്താൻ പ്രേരിപ്പിച്ചിട്ടുമുണ്ട്. മരണത്തിലൂടെ നമ്മുടെ പ്രിയപ്പെട്ടവർ അന്ധകാരത്തിലേക്ക് അപ്രത്യക്ഷമായിട്ടില്ല: അവർ ദൈവത്തിന്റെ നല്ലതും ശക്തവുമായ കൈകളിലാണെന്ന പ്രത്യാശ നമുക്ക് വലിയ ഉറപ്പുനൽകുന്നു. എന്തെന്നാൽ ദൈവീക സ്നേഹം മരണത്തേക്കാൾ ശക്തമാണ്…..”
ഈശോയുടൊപ്പം കുരിശിൽ തറയ്ക്കപ്പെട്ട കള്ളന്മാരിൽ ഒരുവൻ പ്രാർത്ഥിച്ചതിപ്രകാരമാണ്, “യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ! യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും“ (ലൂക്ക 23:43). തെറ്റുകൾ തിരുത്തുവാനും മണ്ണിൽ അനുവദിച്ചു കിട്ടിയ ജീവിതം ദൈവത്തിന്റെ ഹിതപ്രകാരം ക്രമീകരിക്കാനുമൊക്കെയുള്ള എത്രയോ നല്ല അവസരങ്ങൾ നമുക്ക് ഇന്നോളം ലഭിച്ചിട്ടുണ്ട്. ആരേയും വകവയ്ക്കാതെ സ്വന്തമിഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കും അമിതമായ പ്രാധാന്യം കൊടുക്കുകയും, മറ്റുള്ളവരിലെ ദൈവീക സാന്നിധ്യത്തെ പൂർണമായും അവഗണിക്കുകയും, ഇതിനെല്ലാം ശേഷം ഞാൻ മാത്രം മരിക്കില്ല എന്നരീതിൽ ധാർഷ്ട്യം നിറഞ്ഞ ജീവിതവുമായി കഴിയുന്ന അനേകർ നമുക്കൊപ്പമുണ്ട്.
മാനസാന്തരപ്പെടുന്ന കള്ളന് രക്ഷ വാഗ്ദാനം ചെയ്യുമ്പോൾ യേശു ക്രൂശിൽ ”പറുദീസ“ എന്ന പദം ഉപയോഗിക്കുന്നു. എന്നാൽ നമുക്കെന്താണ് ലഭിക്കാൻ സാധ്യതയുള്ളത്, പറുദീസയോ അതോ മറ്റെന്തെങ്കിലുമോ എന്ന് അന്വേഷിക്കുന്നത്, മരിച്ചവിശ്വാസികളെ ഓർമ്മിക്കുന്ന ദിവസം ചിന്തിയ്ക്കുന്നത് ഉചിതമായിരിക്കും. നല്ല കള്ളനോട് നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും എന്ന് പറയുന്നതിലൂടെ വ്യക്തമാക്കുന്നത് ഒരേയൊരു കാര്യമാണ്, ഈശോ അവനോടൊപ്പം ഉണ്ടാകും എന്തെന്നാൽ നിത്യജീവൻ എന്നേക്കും യേശുവിനോടൊപ്പമുണ്ട്.
”യേശു മർത്തയോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും“ (യോഹ 11:25) യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമെന്നും അവനിൽ വിശ്വസിക്കുന്ന ഏവരും നിത്യജീവനിലേക്ക് പ്രവേശിക്കുമെന്നും, അവനോടൊപ്പം സ്വർഗത്തിൽ ജീവിക്കുമെന്നും ഈ വചനത്തിലൂടെ അവൻ നമ്മോട് വാഗ്ദാനം ചെയ്യുന്നു. ഇതാണ് ഒരു വിശ്വാസിയ്ക്കുണ്ടായിരിക്കേണ്ട പരമമായ ബോധ്യം. ഇത്തരം ബോധ്യങ്ങളാൽ ജീവിതത്തെ ക്രമപ്പെടുത്തുന്ന ക്രിസ്തുവിശ്വാസിക്ക് മരണ ഭയമില്ലാതെ മണ്ണിലെ തീർത്ഥാടനം തുടരാൻ കഴിയും.
എന്തെന്നാൽ വി.പൗലോസ് പറയുന്നതുപോലെ ”എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്“ (ഫിലിപ്പി 1:21) മരിച്ചുപോയ പ്രിയപ്പെട്ടവരെയോർത്ത് കരയുകയും ദൈവത്തെ പഴിപറയുന്നവരുമൊക്കെയുണ്ട് എന്നാൽ ജീവിതം ക്രിസ്തുവായി തീരുന്നവർക്ക് മരണം അവസാനമല്ല അത് നേട്ടമാണ്, വലിയ പ്രത്യാശയുടെ അടയാളവുമാണ്.
മരിച്ച വിശ്വാസികളെ ഓർമ്മിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ വിശ്വാസത്തിന്റേയും പ്രത്യാശയുടേതുമായ ഈ ആത്മീയ ചിന്തകൾ ഉള്ളിൽ അണയാതെ തെളിഞ്ഞു കത്തട്ടെ. മരണത്തിനപ്പുറം ഉത്ഥാനത്തിന്റെ പ്രഭയിലായിരിക്കുന്ന ഈശോ എന്നും കൂട്ടിനുണ്ടാകട്ടെ.
പോൾ കൊട്ടാരം കപ്പൂച്ചിൻ