വത്തിക്കാന്‍ സിറ്റി: ക്രിസ്തുരാജത്വതിരുനാള്‍ ദിനമായ ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം ലോക യുവജനസംഗമത്തിനുള്ള കുരിശു കൈമാറ്റം നടന്നു. മരിയരൂപത്തിന്റെ കൈമാറ്റവും ഇതോട് അനുബന്ധിച്ച് നടന്നു.
പനാമയില്‍ നിന്ന് എത്തിയ യുവജനങ്ങളില്‍ നിന്നാണ് അടുത്ത ലോകയുവജനസംഗമത്തിന് വേദിയായ പോര്‍ച്ചുഗല്ലിലെ യുവജനങ്ങള്‍ കുരിശും മരിയ രൂപവും ഏറ്റുവാങ്ങിയത്. 2023 ഓഗസ്റ്റിലാണ് അടുത്ത ലോകയുവജന സംഗമം നടക്കുന്നത്. ഇതിനു മുമ്പത്തെ ലോകയുവജനസംഗമം നടന്നത് 2019 ജനുവരിയില്‍ പനാമയില്‍ വച്ചായിരുന്നു.
1984 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് തടിയില്‍ തീര്‍ത്ത കുരിശ് യുവജനങ്ങള്‍ക്ക് ആദ്യമായി കൈമാറിയത്. മനുഷ്യവംശത്തോടുള്ള ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പ്രതീകമായി ലോകം മുഴുവന്‍ ഈ കുരിശു ചുറ്റിസഞ്ചരിക്കട്ടെയെന്നായിരുന്നു അന്ന പാപ്പ സന്ദേശം നല്കിയത്. കഴിഞ്ഞ 36 വര്‍ഷമായി ഈ കുരിശ് ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.