Saturday, October 12, 2024
spot_img
More

    വണക്കമാസം എട്ടാം ദിവസം മരിയന്‍ പത്രത്തില്‍

    പരിശുദ്ധ കന്യകാമറിയത്തില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങള്‍

    പരിശുദ്ധ കന്യകയില്‍ സകല‍ സുകൃതങ്ങളും അതിന്‍റെ ഏറ്റവും വലിയ പൂര്‍ണതയില്‍ പ്രശോഭിച്ചിരുന്നു. അവളുടെ വിശ്വാസം അജയ്യവും പ്രത്യാശ അചഞ്ചലവും സ്നേഹം തീവ്രഭാവത്തിലായിരുന്നു. ബാല്യകാലത്തില്‍ തന്നെ മേരി ഈ സുകൃതങ്ങള്‍ ഏറ്റവും തീക്ഷ്ണതയോടു കൂടി അഭ്യസിച്ചിരുന്നു. തന്നിമിത്തം പിന്നീടുള്ള ജീവിതത്തില്‍ പ്രസ്തുത സുകൃതങ്ങള്‍ ദിവ്യജനനി പ്രാവര്‍ത്തികമാക്കുന്നതു നാം കാണുന്നു.

    ഹവ്വാ കന്യകയായിരിക്കുമ്പോള്‍ തന്നെ സാത്താനെ വിശ്വസിച്ചതിനാല്‍ അനുസരണരാഹിത്യവും പാപവും അവളില്‍ ഉത്ഭവിച്ചു. എന്നാല്‍ പരിശുദ്ധ കന്യകാമറിയം വിശ്വാസത്തിലും സന്തോഷത്തിലും പരിപൂരിതയായി ഇപ്രകാരം പ്രതിവചിച്ചു: “നിന്‍റെ വാക്കുകള്‍ എന്നില്‍ നിറവേറട്ടെ.”. ഇപ്രകാരം പിശാചിന്‍റെ പ്രവര്‍ത്തനങ്ങളെ നശിപ്പിച്ച് മാനവവംശത്തെ നിത്യമരണത്തില്‍ നിന്ന്‍ മോചിപ്പിക്കുവാന്‍ പരിശുദ്ധ അമ്മ ശ്രദ്ധേയമായ പങ്ക് വഹിച്ചിരിന്നുവെന്ന് സഭാപിതാവായ വി. ജസ്റ്റിന്‍ പ്രസ്താവിക്കുന്നുണ്ട്.

    വിശ്വാസത്തിലൂടെ നാം ദൈവത്തെ അഭിമുഖീകരിച്ച് അവിടുത്തേക്ക് സ്വയം അര്‍പ്പിക്കുന്നു. മേരി തന്‍റെ അര്‍പ്പണം അതിന്‍റെ പൂര്‍ണതയില്‍ നിര്‍വഹിച്ചു. പരിശുദ്ധ കന്യകയുടെ ശരണം എത്ര ശക്തമായിരുന്നു എന്നു നമുക്കു പരിശോധിക്കാം. പന്ത്രണ്ടാമത്തെ വയസ്സില്‍ ഈശോയെ കാണാതെ പോയ അവസരത്തിലും കാല്‍വരിയിലും മേരിയുടെ പ്രത്യാശ വിശുദ്ധ ഗ്രന്ഥം എടുത്തു കാണിക്കുന്നുണ്ട്. കുരിശിന്‍ ചുവട്ടില്‍ നിന്ന അവസരത്തില്‍ അവള്‍ പ്രദര്‍ശിപ്പിച്ച ധീരതയും അതിലൂടെ പ്രകടമാക്കിയ പ്രത്യാശയും മാനവകുലത്തില്‍ എന്നും അത്ഭുതജനകമാണ്.

    മേരിയുടെ ദൈവസ്നേഹമാണ് ദൈവമാതൃത്വ സ്ഥാനത്തിന് അവളെ പ്രാപ്തയാക്കിയത്. മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയതു മുതല്‍ കാല്‍വരിയിലെ മഹായജ്ഞം പൂര്‍ത്തിയാകുന്നതു വരെ ദൈവത്തോടും മനുഷ്യരോടുമുള്ള അത്യുദാരവും ഉദാത്തവുമായ സ്നേഹത്തിന്‍റെ പ്രകാശനം പലപ്പോഴും ദൃശ്യമാകുന്നുണ്ട്. നീതി, വിവേകം, ധൈര്യം, വിനയം, സേവനസന്നദ്ധത, അനുസരണം, ശാലീനത, ലാളിത്യം മുതലായ എല്ലാ ധാര്‍മ്മിക സുകൃതങ്ങളും പരിശുദ്ധ കന്യകയില്‍ നിറഞ്ഞിരിന്നു.

    പരിശുദ്ധ കന്യക ദൈവാലയത്തില്‍ പ്രാര്‍ത്ഥനയും തപസ്സും അനുഷ്ഠിച്ചു കൊണ്ടാണ് ജീവിച്ചിരുന്നത്. സദാ പ്രാര്‍ത്ഥനാ നിരതമായ ജീവിതമാണ് അവള്‍ നയിച്ചത്. ദൈവികമായ കാര്യങ്ങള്‍ ധ്യാനിച്ചും നിര്‍ദ്ദിഷ്ടമായ ജോലികള്‍ നിര്‍വഹിച്ചുമാണ് അവള്‍ സമയം ചെലവഴിച്ചത്. ഒരു നിമിഷം നാം ദൈവസന്നിധിയില്‍ എത്രമാത്രം തത്പരരാണെന്ന് ചിന്തിക്കാം. ദൈവകല്‍പനകള്‍ അനുസരിക്കുന്നതിലും ജീവിതാന്തസ്സിന്‍റെ ചുമതലകള്‍ അനുഷ്ഠിക്കുന്നതിലും നമ്മെ ഭരമേല്‍പ്പിച്ചിട്ടുള്ള ജോലികള്‍ വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കുന്നതിലും നാം എത്രമാത്രം തത്പരരാണെന്ന് ആത്മശോധന ചെയ്യുക.

    സംഭവം

    വിശ്വവിശ്രുത താത്വികനായിരുന്ന ഷാക്ക് മാരിറ്റൈന്‍റെ മാനസാന്തരം പരിശുദ്ധ കന്യകയുടെ സ്നേഹത്തിന്‍റെ ഒരു വിജയമാണെന്നാണ് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുള്ളത്. മാരിറ്റൈന്‍ ദമ്പതികള്‍ സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു. യഹൂദ താത്വികനായ ബെര്‍ഗ്സോന്‍റെ കീഴിലാണ് അവര്‍ അദ്ധ്യയനം നടത്തിയിരുന്നത്. ബെര്‍ഗ്സോണ്‍ യഹൂദനായിരുന്നെങ്കിലും കത്തോലിക്കാ വിശ്വാസത്തോടു മതിപ്പുണ്ടായിരുന്നു. 1904 നവംബര്‍ 26-ാം തീയതി മാരിറ്റൈന്‍ വിവാഹിതനായി.

    അധികം താമസിയാതെ അവര്‍ തികഞ്ഞ കത്തോലിക്ക വിശ്വാസികളായ ബ്ലോയി ദമ്പതികളെ പരിചയപ്പെട്ടു. ലെയോണ്‍ ബ്ലോയി “ലാസലേറ്റു” മാതാവിന്‍റെ വലിയ ഒരു പ്രേഷിതനായിരുന്നു. ബ്ലോയിയും ഭാര്യയും മാരിറ്റൈന്‍ ദമ്പതികളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നുവെങ്കിലും കത്തോലിക്കാ സഭയിലേക്ക് വരാന്‍ അവര്‍ വൈമുഖ്യം കാണിച്ചു. വിവാഹാനന്തരം രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ റീസായ്ക്ക് മാരകമായ ഒരു രോഗം ബാധിച്ചു. മാരിറ്റൈന്‍ അസ്വസ്ഥചിത്തനായി. ഒരു ദിവസം ബ്ലോയിയുടെ ഹൃദയസ്പര്‍ശിയായ ഒരു കത്ത് മാരിറ്റൈന് ലഭിച്ചു. അതിന്‍റെ സംഗ്രഹമിതാണ്.

    എന്‍റെ ഏറ്റവും പ്രിയപ്പെട്ട, റീസാ, ഞങ്ങള്‍ നിന്നെ സ്നേഹപൂര്‍വ്വം കൂടെക്കൂടെ അനുസ്മരിക്കുന്നുണ്ട്. ഇന്ന്, അതിരാവിലെ ദിവ്യബലി സമയത്ത് നിനക്കു വേണ്ടി ഞാന്‍ കരഞ്ഞുകൊണ്ട്‌ പ്രാര്‍ത്ഥിച്ചു. എന്‍റെ ക്ലേശഭൂയിഷ്ഠമായ ഈ ജീവിതത്തിന് എന്തെങ്കിലും, യോഗ്യത പൂര്‍ണമായി ഉണ്ടെങ്കില്‍ നിനക്കു ഉടനെ സൌഖ്യം നല്‍കണമെന്നും അത് ആത്മീയ മഹത്വത്തിനായി സ്വീകരിക്കുമെന്നും ഞാന്‍ ‍നമ്മുടെ കര്‍ത്താവീശോ മിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും യാചിച്ചിട്ടുണ്ട്. എന്‍റെ പ്രാര്‍ത്ഥന ശ്രവിക്കുവാന്‍ വേണ്ടി ഞാന്‍ അശ്രുധാര ധാരാളമായി വര്‍ഷിച്ചിട്ടുണ്ട്. നീ സുഖം പ്രാപിക്കുകയും വലിയ ആനന്ദം അനുഭവിക്കുകയും ചെയ്യും.

    കുറെ ദിവസങ്ങള്‍ക്കു ശേഷം മിസ്സിസ് ബ്ലോയി രോഗാതുരയായ റീസായെ സന്ദര്‍ശിച്ചു. അവള്‍ റീസായോടു പറഞ്ഞു: “ഞാന്‍, പരിശുദ്ധ കന്യകയുടെ രൂപം തരുന്നു, നീ ശക്തമായി പ്രാര്‍ത്ഥിക്കുക” രോഗിണി തന്‍റെ സ്നേഹിതയുടെ അതിരുകടന്ന പ്രസ്താവനയില്‍ അസ്വസ്ഥചിത്തയായി. എങ്കിലും ഒന്നും പറഞ്ഞില്ല. മൗനം സമ്മത ലക്ഷണമായി പരിഗണിച്ച് ജിന്‍ ബ്ലോയി മാതാവിന്‍റെ രൂപം റീസായുടെ കഴുത്തില്‍ അണിയിച്ചു. റീസായ്ക്ക് ഒരു സന്തോഷം ലഭിക്കുകയും ഉടനെ തന്നെ നിദ്രയില്‍ ലയിക്കുകയും ചെയ്തു. ആ നിമിഷം മുതല്‍ അവള്‍ സുഖം പ്രാപിച്ചു തുടങ്ങി.

    ഇതിനകം തന്നെ യുക്തിവാദിയായി തീര്‍ന്ന മാരിറ്റൈന്‍, ഭാര്യയുടെ അത്ഭുതകരമായ സുഖപ്രാപ്തിയോടുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നു. ലോകം മുഴുവന്‍ പരിശുദ്ധ അമ്മയെ പറ്റി അറിയിക്കാന്‍ മുന്‍കൈ എടുത്ത കുടുംബമായി, മാരിറ്റൈന്‍ കുടുംബം മാറി. അദ്ദേഹം കത്തോലിക്കാ മതം സ്വീകരിച്ചതു മൂലം സ്വദേശത്തു പഠിക്കുന്നതിനുള്ള അവകാശം പോലും നിഷേധിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ 81-ാം വയസ്സില്‍ ഫ്രഞ്ചു ഗവണ്മെന്‍റ് ഫ്രാന്‍സിന്‍റെ ഏറ്റവും വലിയ ദേശീയ ബഹുമതി നല്‍കി അദ്ദേഹത്തെ ബഹുമാനിച്ചു.

    പ്രാര്‍ത്ഥന

    ദൈവജനനിയായ പരിശുദ്ധ കന്യകാമറിയമേ, അവിടുന്ന്‍ സകല‍ ഗുണ സമ്പൂര്‍ണയായിരുന്നല്ലോ. ഞങ്ങളുടെ വിശ്വാസം ക്ഷയിക്കുകയും പ്രത്യാശ ബലഹീനമാവുകയും സ്നേഹം മന്ദീഭവിക്കുകയും ചെയ്യുമ്പോള്‍ അവിടുത്തെ അത്ഭുതകരമായ മാതൃക ഞങ്ങള്‍ക്ക് ശക്തി നല്‍കട്ടെ. ആകയാല്‍, ദിവ്യജനനി, ഞങ്ങള്‍ അങ്ങയുടെ സുകൃതങ്ങള്‍ അനുകരിച്ചു കൊണ്ട് പരിപൂര്‍ണമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. സജീവമായ വിശ്വാസവും, അചഞ്ചലമായ പ്രത്യാശയും തീക്ഷ്ണതയുള്ള സ്നേഹവും മറ്റ് ക്രിസ്തീയ സുകൃതങ്ങളും അഭ്യസിക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ അങ്ങു പരിഹരിക്കണമേ.

    എത്രയും ദയയുള്ള മാതാവേ! .

    ലുത്തിനിയ

    പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

    പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    സുകൃതജപം

    ദാവീദിന്‍റെ കോട്ടയായ മറിയമേ, നാരകീയ ശക്തിയോടുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്കു നീ അഭയമാകേണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!