വിചാരണകോടതി വിധിപ്രസ്താവിച്ചതിന് ശേഷവും നിലയ്ക്കാത്ത വിവാദങ്ങള്‍ ഉണ്ടാകുന്നത് അഭയകേസില്‍ മാത്രമാകുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് കൊല്ലം സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ അഡ്വ. ജയപ്രകാശ് ഭാസ്‌ക്കരന്‍ പങ്കുവയ്ക്കുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു. വീഡിയോയില്‍ അദ്ദേഹം പറയുന്ന കാര്യങ്ങളുടെ പ്രസക്തഭാഗങ്ങള്‍ സ്വതന്ത്രമായി ചുവടെ ചേര്‍ക്കുന്നു.
അഭയയുടെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ ആറു കഥകളാണ് പ്രചാരത്തിലുള്ളത്. അഭയ ആത്മഹത്യ ചെയ്തതാണെന്നും അതല്ല കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്നും കോട്ടയത്തെ ചിലര്‍ ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്നും ഹോസ്റ്റലിന് അടുത്തുണ്ടായിരുന്ന വീട്ടിലെ ഒരുചെറുപ്പക്കാരന്‍ നടത്തിയതാണ് ഈ കൊലപാതകമെന്നുമാണ് അവയിലെ ചിലവ. എന്നാല്‍ മലയാളികള്‍ ഇതൊന്നും വിശ്വസിക്കാതെ അഞ്ചാമത്തെയും ആറാമത്തെയും കഥയായ വൈദികരും കന്യാസ്ത്രീയും ചേര്‍ന്നുള്ള കൊലപാതകമാണ് അഭയയുടേത് എന്ന നിഗമനത്തിലാണ് എത്തിനില്ക്കുന്നത്. ഇതിന് കാരണം മലയാളികളുടെ പൊതുവെയുള്ള അവിഹിതം ആരോപിക്കാനും അത്തരം കഥകള്‍ മെനയാനുമുളള സ്വഭാവിക പ്രവണതയാണ്.
കന്യാസ്്ത്രീ മഠങ്ങളെയും വൈദികരെയും കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള നിരവധി കല്പിതഅശ്ലീല കഥകള്‍ ഒരേപോലെ തന്നെ നമ്മുടെ ദേശത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അഭയകേസിലെ പ്രതികളിലൊരാള്‍ അട്ടക്കുളങ്ങര ജയിലിലും മറ്റൊരാള്‍ പൂജപ്പുര സെന്‍്ട്രല്‍ ജയിലിലും ഗോതമ്പുണ്ട കഴിച്ച് ദേഹം നന്നാക്കുന്നു എന്നതുപോലെയുള്ള ക്രൂരമായ പ്രസ്താവങ്ങള്‍ നടത്തുന്ന പ്രശസ്തരായ ചില ചാനല്‍ വ്യക്തിത്വങ്ങളെയും ഈ വീഡിയോയില്‍ അദ്ദേഹം കുറ്റപ്പെടുത്തുന്നു സ്വയം സ്‌ക്രാച്ച് ചെയ്തുനോക്കിയാല്‍ അത്തരം വികലമായ മാനസികഭാവം നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഉണ്ടാവാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു
. അത്തരമൊരു വികലമായ മാനസികാവസ്ഥ നമുക്കുള്ളതുകൊണ്ടാണ് അഭയകേസില്‍ കുറ്റാരോപിതരെന്ന് കോടതികണ്ടെത്തിയവരെക്കുറിച്ച് കൊച്ചുപുസ്തകം( അശ്ലീലസാഹിത്യം) വായിച്ച് പരിചയിച്ച അനുഭവസമ്പത്തില്‍ നിന്നു നാം വിലയിരുത്തുന്നത്..
സഭയുടെ ആഗോള അധികാരക്രമം അഭയകേസ് അട്ടിമറിച്ചതാണെന്നാണ് വേറൊരു കൂട്ടരുടെ ആരോപണം എന്നതിനും അദ്ദേഹം വീഡിയോയില്‍ വിശദീകരണം നല്കുന്നു.
സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ധ്യാനഗുരു നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ധാര്‍മ്മികരോഷം കൊണ്ടവരും അഭയയുടെ ആത്മാവിന് നീതി നടത്തിക്കൊടുക്കാന്‍ വേണ്ടി സടകുടഞ്ഞെണീറ്റവരും കുറ്റാരോപിതരായ നിരപരാധികളുടെ വേദനയും സങ്കടവും കാണാതെ പോയതെന്തുകൊണ്ട് ?. ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്- സിസ്റ്റര്‍ സ്‌റ്റെഫിക്ക് നടത്തിയതെന്ന് ആരോപിക്കുന്ന കന്യാചര്‍മ്മം വച്ചുപിടിപ്പിക്കല്‍ ഓപ്പറേഷന്‍ ആര് ചെയ്തു, എവിടെ ചെയ്തു എന്നതിനെക്കുറിച്ചു- ഉത്തരം നല്കാന്‍ സിസ്റ്റര്‍ സ്റ്റെഫിയുടെയും ഫാ. തോമസ് കോട്ടൂരിന്റെയും രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. സഭയുടെ അധികാരശ്രേണിക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് സിന്ധുവെന്ന് അവരുടെ പത്രപ്രവര്‍ത്തനചരിത്രം വെളിപെടുത്തുമ്പോഴും സിസ്റ്റര്‍ സ്‌റ്റെഫിക്ക് അനുകൂലമായ രീതിയില്‍ ചിന്തിക്കാനും സംസാരിക്കാനും തയ്യാറായിക്കൊണ്ട് സിന്ധു സൂര്യകുമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ നമ്മുടെ മനസാക്ഷിയെ അലോസരപ്പെടുത്തിയില്ല. അവയ്ക്ക് ഉത്തരം നല്കാന്‍ സിബിഐയ്ക്കും കഴിഞ്ഞില്ല. സിന്ധുവിന്റെ ചോദ്യങ്ങളെ നാം നൂറു ശതമാനം അവഗണിച്ചു. രണ്ടു ഫോറന്‍സിക് വിദഗ്ദരും സമാനമായ ചോദ്യം ചോദ്യം ചോദിച്ചു. പക്ഷേ അതും തുടര്‍വിവാദങ്ങളിലേക്ക് പോയില്ല.
അടയ്ക്കാരാജുവിന്റെയും കളര്‍കോട് വേണുഗോപാലിന്റെയും മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടപ്പോഴും അതും നമ്മുടെ പൊതുബോധത്തെ അസ്വസ്ഥരാക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്തില്ല. നാര്‍ക്കോ സിഡി തട്ടിപ്പായിരുന്നെന്നും കൃത്യമായി മാനിപ്പുലേറ്റ് ചെയ്യപ്പെട്ടതായിരുന്നുവെന്നും കാര്യകാരണസഹിതം തെളിയിക്കപ്പെട്ടിട്ടും മറുചോദ്യം ചോദിക്കാന്‍ അധികം ആളകളില്ല. വിധിന്യായം യക്ഷിക്കഥ പോലെ തുറന്നുകാട്ടിയിട്ടും ചോദ്യങ്ങളില്ല.കാരണം നമ്മുടെ ലക്ഷ്യം സാധ്യമായിക്കഴിഞ്ഞുവല്ലോ. അതായത് സിസ്റ്ററെ അട്ടക്കുളങ്ങരയിലും അച്ചനെ പൂജപ്പുരയിലും എത്തിച്ചു
.ബ്രെയ്ന്‍ മാപ്പിലും പോളിഗ്രാഫ് ടെസ്റ്റിലും നിരപരാധികളായിരുന്നവരെ നാര്‍ക്കോ അനാലിസിസില്‍ കുറ്റക്കാരായി ചിത്രീകരിക്കാന്‍ സിബിഐ ക്ക് കഴിഞ്ഞു. ബ്രെയ്ന്‍ മാപ്പിലും പോളിഗ്രാഫിലും നിരപരാധികളായിരുന്നുവെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല. അതിന്റെ സിഡി പുറത്തുവന്നിട്ടുമില്ല. അന്ന് അവര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ എതിര്‍കക്ഷികള്‍ ഉല്പാദിപ്പിച്ച ഒരു കഥയുണ്ടായിരുന്നു ഡോ. ജെയിംസ് വടക്കുംഞ്ചേരിയെ പോലെയുള്ള ക്രിമിനോളജിസ്റ്റുകളുടെ സഹായം വഴി പരിശീലനം നേടിയതുകൊണ്ടാണ് അവര്‍ രക്ഷപ്പെട്ടതെന്നായിരുന്നു അത്. പ്രതികള്‍ക്ക് എതിരെ പൊതുജനാഭിപ്രായം രൂപപ്പെടാന്‍ കാരണമായത് ഈ കേസ് സഭ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതരത്തിലുള്ള പ്രതീതി ജനിപ്പിക്കാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെപോലെയുളളവര്‍ക്ക് ആദ്യം മുതല്ക്ക് സാധിച്ചു എന്നതാണ്.
തുടക്കം മുതല്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന് ആരോപണം വിജയിപ്പിക്കാന്‍ സാധിച്ചതോടെ മഹാഭൂരിപക്ഷവും ഈ കേസിനെ സംശയത്തോടെ സമീപിക്കാന്‍ കാരണമായി. അതാണ് പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍ക്ക് നേരെ പ്രതികാരവാഞ്ഛയോടെ പെരുമാറാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിച്ചത്. അട്ടിമറിയുടെ ഫീല്‍ സൃഷ്ടിക്കാന്‍സാധിച്ചതാണ് ജോമോനെ പോലെയുള്ളവരുടെ ആദ്യത്തെ വിജയം.
സിസ്റ്റര്‍ അഭയ മരണമടഞ്ഞതിന്റെ തൊട്ടടുത്ത ദിവസം കോട്ടയത്തെ രണ്ടു പ്രമുഖപത്രങ്ങള്‍ ഈ വാര്‍ത്ത അപ്രധാനമായിട്ടാണ് കൈകാര്യം ചെയ്തതെന്നും അത് സഭയുടെ ഇടപെടല്‍കൊണ്ടാണ് സംഭവിച്ചതെന്ന് ആരോപിക്കുകയും ചെയ്യുന്നവര്‍ ഇന്ന് അതേപത്രങ്ങള്‍- മനോരമ- അഭയകേസില്‍ സ്വീകരിച്ചിരിക്കുന്ന മനോഭാവം എന്താണ് എന്ന് കൃത്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രതികള്‍ക്ക് അനുകൂലം നില്ക്കുന്ന റിപ്പോര്‍ട്ടിംങല്ല അവരെ കൂടുതല്‍കൂടുക്കാന്‍ തക്കവിധത്തിലുള്ള വാര്‍ത്തകളാണ് പ്രസ്തുത പത്രം നല്കുന്നതെന്നും ഇപ്പോഴത്തെ വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നുകരുതി പ്രതികള്‍ നിയമസഹായം തേടിയില്ല എന്നും പറയാനാവില്ല. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ അവര്‍ക്ക് നിയമസഹായം ആവശ്യമായിരുന്നു.
വൈദികരും കന്യാസ്ത്രീയും തമ്മിലുള്ള അരുതാത്ത ബന്ധത്തിന് സാക്ഷിയായ അഭയയെയും സ്‌റ്റെഫിയുടെ സഹായത്തോടെ മാനഭംഗപ്പെടുത്തുകയും പിന്നീട് കൊന്നുകളയുകയും ചെയ്തു എന്ന മട്ടിലുള്ള പത്രറ്രിപ്പോര്‍ട്ടുകളും നമുക്കിടയിലുണ്ടായിട്ടുണ്ട്. അരുതാത്തബന്ധം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കടന്നുവന്ന അഭയയെയും തങ്ങളുടെ ഇംഗിതത്തിന് കീഴ്‌പ്പെടുത്തിയതിന് ശേഷം കൊന്നുകളയുക. ഈ കഥ പോലും വിശ്വസിക്കുന്നവര്‍ നമുക്കിടയിലുണ്ട് . സോണിയാഗാന്ധി ഇടപെട്ടാണ് അഭയകേസ് അട്ടിമറിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു പത്രപ്രവര്‍ത്തകന്‍ പറയുന്നത്. ആഗോളകത്തോലിക്കാസഭയുടെ സംഘടിത നീക്കത്തിന്റെ ഭാഗമായിട്ടാണ് രാജീവ്ഗാന്ധിയും സോണിയാഗാന്ധിയും തമ്മിലുള്ള വിവാഹം നടന്നതെന്ന് ആരോപിക്കുന്ന വിധത്തിലുളള ഒന്നായിട്ടേ ഇതിനെയും നമുക്ക് കാണാനാവു.
സിസ്റ്റര്‍ സ്‌റ്റെഫിക്കും ഫാ. തോമസ് കോട്ടൂരിനും നീതി കിട്ടുന്നതുവരെ അവര്‍ക്കുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കും എന്നു പറഞ്ഞാണ് അഡ്വ. ജയപ്രകാശ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.