ചങ്ങനാശ്ശേരി; കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജീവിതവിശുദ്ധിയും പ്രേഷിത ചൈതന്യവും അനുകരണീയ മാതൃകയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അച്ചടക്കവും വിനയവും സൗമ്യതയും നിറഞ്ഞ പടിയറ പിതാവിന്റെ ജീവിതം മാതൃകാപരമാണെന്നും സഭയ്ക്കും സമൂഹത്തിനും മികച്ച സംഭാവനകളാണ് അദ്ദേഹം നല്കിയതെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.
ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപും സീറോ മലബാര്‍സ ഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച് ബിഷപ്പുമായിരുന്ന കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം സെന്‌റ് മേരീസ് മെത്രാപ്പോലീത്തന്‍ പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ഊട്ടി ബിഷപ് റവ ഡോ അരുളപ്പന്‍ അമല്‍രാജ് എന്നിവരുടെ പ്രസംഗങ്ങള്‍ വീഡിയോയിലൂടെ പ്രദര്‍ശിപ്പിച്ചു.
പടിയറ പിതാവിന്റെ തിരഞ്ഞെടുത്ത ഇടയലേഖനങ്ങള്‍, ദൈവകൃപയുടെ തീര്‍ത്ഥാടനം- കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.