സോഷ്യല്‍ മീഡിയായില്‍ ഉടനീളം കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായി മാറിയ ചിത്രമായിരുന്നു മ്യാന്‍മറിലെ പട്ടാളത്തിന് മുമ്പില്‍ കൈകള്‍ കൂപ്പി നില്ക്കുന്ന കന്യാസ്ത്രീയുടേത്. പട്ടാളവും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ പോരാട്ടത്തില്‍ ഇരുപത് പേര്‍ കൊല്ലപ്പെടുകയും സ്ഥിഗതികള്‍ കൂടുതല്‍ വഷളാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു സിസ്റ്റര്‍ ആന്‍ നൂ താവാങ് പട്ടാളത്തിന് മുമ്പില്‍ മുട്ടുകുത്തി നിന്ന് സഹായാഭ്യര്‍ത്ഥന നടത്തിയത്.
“വെടിവയ്ക്കരുതേ, നിരപരാധികളെ കൊല്ലരുതേ ഇനി നിങ്ങള്‍ക്കതാവശ്യമാണെങ്കില്‍ എന്നെ വെടിവയ്ക്കൂ.” ഇതായിരുന്നു സിസ്റ്ററുടെ അഭ്യര്‍ത്ഥന.
പട്ടാളത്തെ അത്ഭുതപരതന്ത്രരാക്കി കന്യാസ്ത്രീയുടെ ഈ ഇടപെടല്‍. ഒരു നിമിഷം അവര്‍ നിശ്ചലം നിന്നുപോയി. സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സന്യാസസഭാംഗമായ സിസ്റ്റര്‍ ആന്‍ നെ പ്രശംസിച്ചുകൊണ്ടാണ് മ്യാന്‍മറിലെ കത്തോലിക്കാപ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പടെയുള്ളവ എഴുതിക്കൊണ്ടിരിക്കുന്നത്. സഭാനേതാക്കന്മാര്‍ക്ക് നല്ലൊരു മാതൃകയാണ് സിസ്റ്ററെന്നും വൈദികരും മെത്രാന്മാരും തങ്ങളുടെ സുരക്ഷിതലാവണം ഉപേക്ഷിച്ച് ഈ കന്യാസ്ത്രീയുടെ മാതൃക സ്വീകരിക്കണമെന്നും പത്രങ്ങള്‍ എഴുതുന്നു.
പ്രക്ഷോഭകാരികള്‍ക്ക് സിസ്റ്ററുടെ കോണ്‍വെന്റ് അഭയം നല്കിയിരിക്കുകയാണ് പട്ടാളം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയുമാണ്.