വത്തിക്കാന്‍ സിറ്റി: ഐതിഹാസികമായ ഇറാക്ക് പര്യടനത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങി.
മാര്‍ച്ച് അഞ്ചുമുതല്‍ എട്ടുവരെ തീയതികളിലായിരുന്നു പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്നത് എന്നതിന്റെ പേരിലും ഐഎസ് തീവ്രവാദികളുടെ പോരാട്ട ഭൂമി എന്ന നിലയിലും പാപ്പായുടെ ഈ സന്ദര്‍ശനത്തെ ലോകം മുഴുവന്‍ ആകാംക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. ഇറാക്ക് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ പാപ്പായെ യാത്ര അയ്ക്കാന്‍ എത്തിയിരുന്നു.
ഐഎസ് ഭീകരതാണ്ഡവം നടത്തിയ മൊസൂള്‍, ഇര്‍ബില്‍, ഖാറഘോഷ് എന്നിവിടങ്ങളിലെ ക്രൈസ്തവരുമായുള്ള കൂടിക്കാഴ്ച, ഷിയ ആത്മീയ നേതാവ് അയത്തുള്ള അലി അല്‍ സിസ്റ്റാനിയുമായുള്ള കൂടിക്കാഴ്ച, മുങ്ങിമരിച്ച അഭയാര്‍ത്ഥിക്കുരുന്ന് എയ്‌ലാന്‍ അര്‍ദിയുടെ പിതാവുമായുളള കൂടിക്കാഴ്ച എന്നിവയെല്ലാം ഇറാക്ക് സന്ദര്‍ശന വേളയിലെ ഹൈലൈറ്റുകളായിരുന്നു.
മുമ്പ് നടത്തിയ അപ്പസ്‌തോലിക പര്യടനങ്ങളെക്കാളും ഇറാക്ക് യാത്ര തന്നെ ക്ഷീണിതനാക്കിയെന്നും ഇനിയുള്ള യാത്രകളെക്കുറിച്ച് സംശയത്തോടെ ചിന്തിക്കേണ്ടിവരുമോയെന്ന കാര്യം അറിയില്ലെന്നും മടക്കയാത്രയില്‍ വിമാനത്തില്‍ വച്ചുള്ള പ്രസ് കോണ്‍ഫ്രന്‍സില്‍ പാപ്പ അറിയിച്ചു.