Saturday, July 12, 2025
spot_img
More

    വചനം അനുസരിക്കുമ്പോള്‍ അനുഗ്രഹവും സംരക്ഷണവും ലഭിക്കും: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രസ്റ്റണ്‍: വചനം അനുസരിക്കുകയും വായിക്കുകയും ചെയ്യാന്‍ ശ്രമിക്കണമെന്നും അതനുസരിച്ച് ജീവിക്കുമ്പോള്‍ നമുക്ക് അനുഗ്രഹവും സംരക്ഷണവും ലഭിക്കുകയും ചെയ്യുമെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

    ഈശോയുടെ ഉപവാസത്തില്‍ തീക്ഷ്ണമായി പങ്കുചേരാനുള്ള അവസരമാണ് നോമ്പുകാലം. ഞായറാഴ്ചയാചരണം ഈശോയുടെ ഉയിര്‍പ്പിന്റെ ആഘോഷമാണ് നാം നടത്തുന്നത്. ആരാധാനക്രമവത്സരത്തിന്റെ ഭാഗവും ഏറ്റവും പ്രധാനപ്പെട്ട ദിവസവുമാണ് ഞായര്‍. ഞായറാഴ്ചയുടെ പ്രാധാന്യം നാം മനസ്സിലാക്കണം.

    കര്‍ത്താവ് നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടം ഇസ്രായേല്‍ ജനതയാണ്. മുന്തിരിത്തോട്ടത്തിനു ചുറ്റും കെട്ടിയതായി വിശുദ്ധഗ്രന്ഥത്തില്‍ നാം വായിക്കുന്ന വേലി നിയമമാണ്. സംരകഷണം ലഭിക്കുന്നത് നിയമം അനുസരിക്കുമ്പോഴാണ്.

    നിയമം അനുസരിക്കുമ്പോള്‍ ദൈവം ഇസ്രായേലിന് സംരക്ഷണം നല്കുകയും ഇല്ലാത്തപ്പോള്‍ സംരക്ഷണം പിന്‍വലിക്കുകയും ചെയ്യുന്നതായി നാം വായിക്കുന്നു. മുന്തിരിച്ചക്ക് എന്ന് പറയുന്നത് അള്‍ത്താരയാണ്. സ്‌നേഹത്തിന്റെ ബലിയാണ് നാം അവിടെ അര്‍പ്പിക്കുന്നത്. ദൈവം മനുഷ്യന് സ്വാതന്ത്ര്യം നല്കുന്നുണ്ട്. സ്വാതന്ത്ര്യത്തോടെ മനുഷ്യന് ജീവിക്കാന്‍ സാധിക്കും. വിളവെടുപ്പ്കാലത്ത് ഫലം ശേഖരിക്കാന്‍ യജമാനന്‍ വേലക്കാരെ അയച്ചതായും നാം ബൈബിളില്‍ വായിക്കുന്നു. വേലക്കാര്‍ എന്നത് അടിമകളാണ്.

    അതായത് പ്രവാചകന്മാര്‍ ദൈവത്തിന്റെ അടിമകളാണ്. പ്രവാചകന്മാര്‍ക്ക് അവഗണനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബൈബിളിലുടനീളം നാം കണ്ടെത്തുന്നുണ്ട്. പ്രവാചകന്മാരെ അവഗണിച്ചതുകൊണ്ടാണ് യജമാനന്‍ തന്റെ പുത്രനെ തന്നെ അയച്ചത്.ഈ പുത്രന്‍ ക്രിസ്തുവാണ്. പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീരുന്നു. വിശ്വസിക്കുന്നവര്‍ ചഞ്ചലചിത്തരാകുകയില്ല എന്ന് ഏശയ്യപ്രവാചകന്റെ പുസ്തകത്തില്‍ നാം വായിക്കുന്നു.

    തിരുസഭ ഒരു ആത്മീയഭവനമാണ്. അതിനൊരു മൂലക്കല്ലുണ്ട്. അത് ഈശോയാണ്. ഈശോയാകുന്ന മൂലക്കല്ലിന്മേല്‍ പ്രവാചകന്മാരാകുന്ന ശ്ലീഹന്മാരാകുന്ന അടിത്തറ പണിയപ്പെട്ടിരിക്കുന്നു.. അവിടെ ഏതുരീതിയില്‍ വേണമെങ്കിലും പണിയാന്‍ സാധിക്കും. രത്‌നം കൊണ്ട്, സ്വര്‍ണ്ണം കൊണ്ട്, വൈയ്‌ക്കോല്‍ കൊണ്ട്..ഏതു രീതിയില്‍ പണിയണം എന്നത് നമ്മുടെ തീരുമാനമാണ്.

    ആ ഭവനത്തിന്റെ ഭാഗമാകണമെങ്കില്‍ നാം സജീവശിലകളായി പടുത്തുയര്‍ത്തപ്പെട്ടിരിക്കണം. ജീവനുള്ളകല്ലുകള്‍. പരിശുദ്ധാത്മാവ് നിറഞ്ഞ ആലയങ്ങള്‍ എന്നാണ് ഇതുവഴി മനസ്സിലാക്കേണ്ടത്. പരിശുദ്ധാത്മാവിന്റെ ആലയങ്ങളാകണം നാം ഓരോരുത്തരും. അതുവഴി മിശിഹായുടെ ശരീരത്തിന്‌റെ ഭാഗങ്ങളുമാകണം. പുത്രനായ ഈശോയില്‍ നമുക്ക് ദൈവപുത്രനാകാനുളള വിളി ലഭിച്ചിട്ടുണ്ട്.

    മറ്റുളളവരോടെല്ലാം നമുക്ക് സാഹോദര്യബന്ധമാണ് ഉള്ളത്. ഇതെല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണ്. മനുഷ്യര്‍ക്ക് ഇത് വിസ്മയാവഹമായിരിക്കാം. വിശ്വാസത്തിന്റെ രഹസ്യം എന്നു പറയുന്നത് ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. വഈശോയുടെ മരണത്തിലൂടെയാണ് പിശാച് പരാജയപ്പെടുന്നത്, മരണം പരാജയപ്പെടുന്നത്. ലോകം പരാജയപ്പെടുന്നത്.

    ദൈവം ആഗ്രഹിക്കുന്നത് അനുസരണമാണ്. അനുസരിച്ചുകഴിഞ്ഞാല്‍ അനുഗ്രഹം ഉണ്ടാകും. സമൃദ്ധി ഉണ്ടാകും. അനുസരണക്കേട് കാണിച്ചാല്‍ ദൈവം പിന്നെ നമ്മുടെ കൂടെ നില്ക്കില്ല. ദൈവത്തിന് നിഷിദ്ധമായത് നമ്മുടെകൂടെയുണ്ടെങ്കില്‍ ദൈവത്തിന് നമ്മെ അനുഗ്രഹിക്കാനാവില്ല. ഇസ്രായേല്‍ ജനത വിജയിച്ചത് എപ്പോഴും ദൈവം അവരുടെ കൂടെയുള്ളപ്പോഴായിരുന്നു.

    ദൈവം കൂടെയുണ്ടായിരുന്നത് ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചപ്പോഴായിരുന്നു. ദൈവത്തിന് ഇഷ്ടമില്ലാത്തത് പ്രവര്‍ത്തിച്ചപ്പോള്‍ ദൈവം അവരുടെ കൂടെയുണ്ടായിരുന്നില്ല. ദൈവത്തിന്റെ ശക്തമായ കരം കൂടെയുള്ളതുകൊണ്ടാണ് ഇസ്രായേല്‍ ജനത ജയിച്ചത്. ഇതുതന്നെയാണ് സഭയുടെ അനുഭവവും.

    നിയമം അനുസരിക്കാന്‍ നാം പഠിക്കണം. വചനം അറിയുകയും അനുസരിക്കുകയും ചെയ്യുമ്പോഴാണ് നമുക്ക് സംരക്ഷണവും അനുഗ്രഹവും ലഭിക്കുന്നത്. നോമ്പുകാലത്ത് വചനം കൂടുതലായി വായിക്കാനും ദൈവഹിതം തിരിച്ചറിയാനും നാം ശ്രദ്ധിക്കണം. മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!