വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ താന്‍ ഒരിക്കലും എതിര്‍ക്കുകയോ തങ്ങള്‍ തമ്മില്‍ ശത്രുതയോ ഇല്ലെന്ന് കര്‍ദിനാള്‍ റോബര്‍ട്ട് സാറ. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് പ്രിഫെക്ട് സ്ഥാനത്ത് നിന്ന് രാജിവച്ചതിന് ശേഷം ആദ്യമായി നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്, മാര്‍ച്ച് 10 ന് ഇറ്റാലിയന്‍ ദിനപ്പത്രത്തിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചില മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി താനും പാപ്പയും തമ്മില്‍ ശത്രുതയിലാണെന്ന അസംബന്ധം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
സഭ എന്നും ഏകമാണ്. കാരണം സഭയുടെ സ്ഥാപകനായ യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരാള്‍തന്നെയാണ്. സഭയില്‍ പ്രോഗ്രസിവും കണ്‍സര്‍വേറ്റീവും തമ്മില്‍ എന്തെങ്കിലും വെല്ലുവിളികള്‍ ഉള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല. സഭ ഒരിക്കലും രാഷ്ട്രീയമായ വെല്ലുവിളികള്‍ക്കുള്ള മേഖലയല്ല. സഭയില്‍ വിഭജനം സൃഷ്ടിക്കുന്നവര്‍ സാത്താന്റെ പ്രവൃത്തികളാണ് ചെയ്യുന്നത്. സഭയുടെ ജീവിതത്തിന്റെ കേന്ദ്രഭാഗം ദൈവമാകുന്നില്ലെങ്കില്‍ സഭ അപകടത്തിലാകും.
75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്നായിരുന്നു പ്രിഫെക്ട് സ്ഥാനത്തു നിന്ന് കര്‍ദിനാള്‍ സാറ രാജിവച്ചത്. ഫെബ്രുവരി 20 ന് ഫ്രാന്‍സിസ് മാര്‍പാപ്പ രാജി സ്വീകരിക്കുകയും ചെയ്തിരുന്നു. വത്തിക്കാനിലെ ഉന്നതപദവി കൈവരിച്ച ആഫ്രിക്കയില്‍ നിന്നുള്ള മെത്രാനായിരുന്നു കര്‍ദിനാള്‍ സാറ.