അന്ത്യ അത്താഴത്തിന്റെ ദു:ഖസാന്ദ്രമായ അന്തരീ്ക്ഷത്തില്‍ അപ്പമെടുത്ത് വാഴ്ത്തി നീ ശിഷ്യന്മാരോട് പറഞ്ഞു, ഇതെന്റെ ശരീരമാണ്,ഇതെന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍.
അന്ത്യ അത്താഴംഎന്നും ഓര്‍മ്മിക്കാനുള്ള ഒരു അടയാളമാണ്. അത് നീ എന്നും എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന അങ്ങയുടെ സാന്നിധ്യമാണ്.മനുഷ്യപുത്രന്റെ ശരീരം ദൈവസ്‌നേഹത്തിന്റെ അടയാളമായി മാറുന്ന അന്ത്യ അത്താഴത്തിന്റെ ഊട്ടുശാലയ്ക്കരികില്‍ നിന്റെ സ്വരം കേട്ടുകൊണ്ട് ഞാന്‍ നില്ക്കുന്നു. ഓര്‍മ്മയ്ക്കായി ഒരുപാട്കാര്യങ്ങള്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.
കാലപ്പഴക്കത്തില്‍ ഓര്‍മ്മയുടെ തിളക്കം ഇല്ലാതായിപോകുന്നതിന്റെ അറിവും എന്റെ പക്കലുണ്ട്. ഒരിക്കല്‍ കൗതുകങ്ങളായി കണ്ടുവച്ചിരുന്നവയൊക്കെ മാറാലകളായി മാറിത്തീരുന്നത് സാധാരണ ജീവിതത്തിന്റെ അനുഭവമാണ്.
പക്ഷേ നീ ഓര്‍മ്മിക്കാന്‍ വേണ്ടി കൊടുത്തതുമാത്രം എന്നും തിളക്കമുള്ളതായി തീരുന്നു. ത്യാഗത്തോടെ വിട്ടുകൊടുത്തതെല്ലാം ത്യാഗത്തോടെ ആശീര്‍വാദത്തിനായി സമര്‍പ്പിക്കപ്പെട്ടതെല്ലാം എന്നും നിലനില്ക്കുന്ന ദിവ്യമായ യാഥാര്‍ത്ഥ്യങ്ങളാണെന്ന് അങ്ങെന്നെ ഓര്‍മ്മപ്പെടുത്തുന്ന ഊട്ടുശാലയുടെ ചുറ്റുപാടുകളെ ഞാന്‍ സ്‌നേഹത്തോടെ സ്വീകരിക്കുന്നു.
ഓ ദൈവമേ പങ്കുവയ്ക്കാനും ഓര്‍മ്മപ്പെടുത്താനുമുള്ള അങ്ങയുടെ ഈ പാഠത്തെ എന്റെ ജീവിതത്തിലേക്ക് പകര്‍ത്താനും ഓര്‍മ്മിക്കപ്പെടാന്‍ ത്യാഗങ്ങള്‍ മാത്രമേ അവശേഷിക്കൂ എന്ന് ദാനങ്ങള്‍ മാത്രമേ അവശേഷിക്കൂ എന്ന് അങ്ങെന്നെ പഠിപ്പിച്ചതിനെയോര്‍ത്ത് അങ്ങയുടെ മുമ്പില്‍ നന്ദിയോടെനില്ക്കുന്നു. സ്വയം ദാനമാകാനുള്ള കൃപയ്ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഫാ.ടോമി എടാട്ട്