റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക അനുവാദത്തോടെ ആശുപത്രി മുറിയില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ച ഫാ. ലിവിനിയസ് നാമാനി പൗരോഹിത്യസ്വീകരണത്തിന്റെ 23 ദിവസങ്ങള്‍ക്ക് ശേഷം നിത്യസമ്മാനത്തിനായി യാത്രയായി. 31 വയസായിരുന്നു. ലുക്കീമിയ രോഗിയായി കഴിയവെയായിരുന്നു അന്ത്യാഭിലാഷമെന്ന നിലയില്‍ ഡീക്കന്‍ ലിവിനിയസിന് നിശ്ചിതസമയത്തിന് മുമ്പേ പൗരോഹിത്യപട്ടം നല്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക തീരുമാനമെടുത്തത്. മാര്‍ച്ച് 31 ന് പാപ്പായില്‍ നിന്ന് അനുവാദം കിട്ടുകയും തൊട്ടടുത്ത ദിവസമായ പെസഹാ വ്യാഴാഴ്ച റോമിന്റെ സഹായമെത്രാന്‍ ബിഷപ് ഡാനിയേല ലിബാനോറി വൈദികപ്പട്ടം നല്കുകയുമായിരുന്നു.
മെഡിക്കാ ഗ്രൂപ്പ് കാസിലിനോ ഹോസ്പിറ്റലില്‍ വച്ചായിരുന്നു വൈദികസ്വീകരണം. നൈജീരിയ സ്വദേശിയായ ലിവിനിയസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിലെ വിദ്യാര്‍ത്ഥിയായിരുന്നു. കാന്‍സര്‍ രോഗത്തിന് വിദഗ്ദ ചികിത്സ തേടിയാണ് റോമിലേക്ക് എത്തിയത്.
ഇന്നലെ സംസ്‌കാരം നടത്തി. മെയ് മൂന്നിന് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പരേതന് വേണ്ടി അനുസ്മരണബലി നടക്കും.