മുംബൈ: ഫാ. സ്റ്റാന്‍സ്വാമിയുടെ ആശുപത്രിവാസം ജൂലൈ അഞ്ചു വരെ നീട്ടിക്കൊണ്ട് ബോംബൈ ഹൈക്കോടതി ഉത്തരവിറക്കി. മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്.
84 കാരനായ സ്റ്റാന്‍സ്വാമിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ പ്രഖ്യാപനം. ഹോളി ഫാമിലി ഹോസ്പിറ്റലിലാണ് വൈദികനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പൂനെയിലെ താമസസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്ത സ്റ്റാന്‍സ്വാമിയെ തലോജ ജയിലിലാണ് പ്രവേശിപ്പിച്ചിരുന്നത്.
ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അച്ചന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും ഐസിയു വിന്റെ പിന്തുണ വേണമെന്നും മെഡിക്കല്‍ ഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ട് പറയുന്നു.