ദൈവവചനം ആശ്വാസമാണ്, അഭയമാണ്. അത് വാഗ്ദാനവും ഉറപ്പുമാണ്. നമുക്ക് ആകെ ആശ്രയിക്കാവുന്ന ഒരേ ഒരു വാക്കും ദൈവത്തിന്റേതു മാത്രമാണ്. അല്ലെങ്കില്‍ നോക്കൂ വിവാഹാവസരത്തില്‍ ദമ്പതികള്‍ പരസ്പരം വാക്കു കൊടുക്കുന്നു ഇന്നുമുതല്‍ മരണം വരെ സമ്പത്തിലും ദാരിദ്ര്യത്തിലും അനാരോഗ്യത്തിലും ആരോഗ്യത്തിലും എല്ലാം ഒരുമിച്ചായിരിക്കുമെന്ന്.
പക്ഷേ എത്ര ദമ്പതിമാര്‍ക്ക് അത് പാലിക്കാന്‍ കഴിയുന്നുണ്ട്? ഇതാണ് മനുഷ്യന്റെ വാക്കിന്റെ വ്യത്യാസം. നമ്മെ ഏതു സമയത്തും സഹായിക്കാം എന്ന് ചിലരൊക്കെ പറയാറില്ലേ നാം അത് വിശ്വസിക്കും. പക്ഷേ അവരൊക്കെ സാഹചര്യം വരുമ്പോള്‍ വാക്കു മാറും. എന്നാല്‍ ദൈവം അങ്ങനെയല്ല. ദൈവത്തിന്റെ വാക്ക് എന്നേക്കും നിലനില്ക്കും. പലവിധ ചിന്തകളാല്‍ കലുഷിതമായ നമ്മുടെ ജീവിതത്തോട്, നാളെയെക്കുറിച്ചുള്ള ആകുലതകളാല്‍ നിറയുന്നവരോട് ദൈവവചനം പറയുന്നത് ഇതാണ്.
എന്തു ഭക്ഷിക്കും എന്തുപാനം ചെയ്യും എന്ന് ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്ന് ശരീരത്തെ കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ട.
( മത്താ 6:25)
ആകുലരാകേണ്ട എന്ന് ദൈവം പറഞ്ഞാല്‍ പിന്നെ നാം ആകുലരാകരുത്. അത് ദൈവത്തെ അവിശ്വസിക്കുന്നതിനു തുല്യമാണ്. ജീവിതത്തിലെ നാളെകളെക്കുറിച്ച് പലവിധ ചിന്തകളാല്‍ അസ്വസ്ഥരായി കഴിയുന്നവരെല്ലാം ഈ വചനം സ്വന്തമാക്കി വിശ്വസിച്ച് പ്രാര്‍ത്ഥിക്കുക. ദൈവംനമ്മുടെ ഉത്കണ്ഠകളെല്ലാം എടുത്തുനീക്കും.