സത്യസന്ധമായി ഒരു വ്യക്തി കുമ്പസാരിച്ച് പാപം ഏറ്റുപറയുമ്പോള്‍, പാപം ഉപേക്ഷിക്കാമെന്ന് തീരുമാനമെടുക്കുമ്പോള്‍ ദൈവം ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കൃപ വര്‍ഷിക്കാറുണ്ട്. ഹൃദയരക്തം കൊണ്ട് ഇക്കാര്യം എനിക്ക് സാക്ഷ്യപ്പെടുത്തുവാന്‍ കഴിയുംനിരവധി ഉദാഹരണങ്ങള്‍ ഇക്കാര്യത്തിലേക്ക് എനിക്ക് പറയാനുണ്ട്. മംഗലാപുരത്തുകാരനായ പ്രകാശന്‍ എന്ന വ്യക്തി അദ്ദേഹം ഖത്തറില്‍ ജോലി ചെയ്യുകയാണ്.
ഈ സമയത്താണ് അദ്ദേഹത്തിന് ശരീരത്തിന്റെ ഒരു ഭാഗത്ത് കാന്‍സര്‍ പിടിപെടുന്നത്. ഡോക്ടര്‍മാര്‍ മരണം അദ്ദേഹത്തിന് കുറിച്ചുകൊടുത്തതാണ്. ഈ അവസരത്തില്‍ അദ്ദേഹം നാലു പേജോളം തന്റെ പാപങ്ങള്‍ എഴുതിവച്ച് അത് ഇടവകപ്പള്ളിയിലെ വികാരിയച്ചന്റെ അടുക്കല്‍ ചെന്ന് കുമ്പസാരിച്ചു. തുടര്‍ന്ന കുമ്പസാരക്കൂട്ടില്‍ വ്ച്ചുതന്നെ അദ്ദേഹത്തിന് രോഗസൗഖ്യം ലഭിക്കുകയുണ്ടായി. നട്ടെല്ല് പൊടിയുന്ന അസുഖമുള്ള മെര്‍ലിന്‍ എന്ന പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ചെന്നാണ് ഞാന്‍ കുമ്പസാരിപ്പിച്ചത്. അനേകവര്‍ഷങ്ങളായി തളര്‍ന്നു കിടക്കുകയാണ് ആ പെണ്‍കുട്ടി. രണ്ടുതവണ അവള്‍ കുമ്പസാരിച്ചു.
രണ്ടാം തവണത്തെ കുമ്പസാരത്തോടെ അവള്‍ ചാടിയെണീറ്റു. അവള്‍ ദേവാലയത്തിലെത്തി മുട്ടുകുത്തി ദൈവത്തിന് നന്ദി പറഞ്ഞു. ഒരു ദേവാലയത്തില്‍ ധ്യാനം നടത്തിക്കൊണ്ടിരിക്കവെ കുമ്പസാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ പ്രസംഗിച്ചു. എല്ലാവരോടും കുമ്പസാരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ഒരു ചെറുപ്പക്കാരന്‍ മാത്രം കുമ്പസാരിച്ചില്ല. അന്നേ ദിവസം അവന്‍ വ്യക്തിപരമായി എന്റെ അടുക്കല്‍ പ്രാര്‍ത്ഥിക്കാനെത്തി. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവെ അതിശക്തമായ രീതിയില്‍ പരിശുദ്ധാത്മാവ് എനിക്കൊരു മെസേജ് നല്കി. നട്ടെല്ല് സംബന്ധമായരോഗം കൊണ്ട് വര്‍ഷങ്ങളായി വേദനിക്കുന്ന വ്യക്തിയാണ് അവന്‍. പ്രാര്‍ത്ഥിക്കാം മോനേ ദൈവം നിനക്ക് സൗഖ്യം നല്കും എന്ന് പറഞ്ഞ് ഞാന്‍ അവനെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ അസുഖം കൂടിയതല്ലാതെ യാതൊരു കുറവുമുണ്ടായില്ല. സാധാരണയായി ധ്യാനം കൂടിയിട്ടുവരുമ്പോള്‍ അസുഖം കുറയുകയാണല്ലോ എന്നാല്‍ നിനക്ക് മാത്രം കൂടുകയാണല്ലോ എന്ന് വീട്ടുകാരും അവനോട് പറഞ്ഞു. അപ്പോള്‍ അവനൊരു കാര്യം മനസ്സിലായി ധ്യാനാവസരത്തില്‍ നല്ല കുമ്പസാരം നടത്താന്‍ എന്നോട് പറഞ്ഞിട്ടും ഞാന്‍ അനുസരിച്ചില്ലല്ലോ.
അവന്‍ തന്റെ മുറിയിലെത്തി ഒരു പേപ്പറെടുത്ത് തന്റെ പാപങ്ങള്‍ ഓരോന്നായി എഴുതിത്തുടങ്ങി. സകലപാപങ്ങളും അവന്‍ എഴുതി. തുടര്‍ന്ന് അവന്‍ വികാരിയച്ചനെ ഫോണ്‍ ചെയ്ത് നാളെ കുമ്പസാരിക്കാനായി ഒരു അപ്പോയ്ന്‍മെന്റ് എടുത്തു. നാളെ വൈകുന്നേരം നാലുമണി. കുമ്പസാരം എന്ന് അവന്‍ കലണ്ടറില്‍ അടയാളപ്പെടുത്തുകയും ചെയ്തു. ആ നിമിഷം തന്നെ അവന്റെ നടുവേദന അപ്രത്യക്ഷമായി. ഇക്കാര്യം അവന്‍ തന്നെയാണ് എന്നെ എഴുതി അറിയിച്ചത്.
ഒരു രാജ്യത്ത് താമസിച്ചുള്ള ധ്യാനം സമാപിച്ച ദിവസം. അന്ന് ഒരു ദമ്പതികള്‍ എന്നെ കാണാന്‍വന്നു. എനിക്കൊപ്പം ഒരു ഫോട്ടോയെടുക്കാനാണ് അവര്‍ വന്നത്. ആ പ്രദേശത്തെ ഏറ്റവും വലിയ സമ്പന്നരായിരുന്നു അവര്‍. സമ്പത്തിന്റെ കാര്യം പറഞ്ഞത് മറ്റൊന്നിനും വേണ്ടിയല്ല. ആ രാജ്യത്തിലെ ഏറ്റവും മികച്ച ചികിത്സ തന്നെ അവര്‍ക്ക് നടത്താമായിരുന്നു. കാരണം പ്രമേഹം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി ക്ഷീണിച്ച അവസ്ഥയിലായിരുന്നു അവര്‍. അവര്‍ക്ക് ഭക്ഷണം കഴിക്കാനോ ജോലി ചെയ്യാനോ കഴിയുമായിരുന്നില്ല. പ്രമേഹത്തിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുന്ന സമ്പ്രദായമായിരുന്നു ആരാജ്യത്ത്. എന്നാല്‍ കാരണം കണ്ടെത്താത്തതുകൊണ്ട് അവര്‍ക്ക് ചികിത്സ ഫലപ്രദമായിരുന്നില്ല.
എന്നിട്ടും ഡോക്ടര്‍മാരെ അവര്‍ മാറിമാറിക്കണ്ടുകൊണ്ടികുന്നു ഈ സമയത്താണ് യൂട്യൂബില്‍ കുമ്പസാരത്തെക്കുറിച്ചുളള എന്റെ ടോക്കും പ്രകാശന്റെയും മെര്‍ലിന്റെയും രോഗസൗഖ്യവും അവര്‍ കേട്ടത്. അതനുസരിച്ച് അടുത്തുള്ള ആശ്രമത്തിലെത്തി അവര്‍ കുമ്പസാരിച്ചു. പിന്നീട് അടുത്ത ദിവസം ഡോക്ടറെ ചെന്നു കണ്ടു അപ്പോള്‍ പ്രമേഹത്തിന്റെ റൂട്ട് മനസ്സിലായി, ചികിത്സിച്ചു. ഈ ഭാര്യ ഇപ്പോള്‍ ഡയബറ്റിക് പേഷ്യന്റ് അല്ല. ഇക്കാര്യം പറയാന്‍ വേണ്ടിയാണ് അവര്‍ വന്നത്.
ഇതുപോലെ അനേകം സംഭവങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പാപം മറച്ചുവച്ച് ജീവിതത്തില്‍ തകര്‍ച്ച നേരിടുന്നവര്‍ പാപം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ കുടുംബത്തില്‍ തകര്‍ച്ച മാറുന്നത് കുടുംബം അനുഗ്രഹിക്കപ്പെടുന്നതുമായ നിരവധി സംഭവങ്ങള്‍പറയാനുണ്ട്.
കുഞ്ഞുങ്ങളുണ്ടാകുന്നത്,കുടുംബസമാധാനം ലഭിക്കുന്നത്, വീടു വയ്ക്കാന്‍ കഴിയുന്നത്, വിവാഹം നടക്കുന്നത്, ജോലി ലഭിക്കുന്നത്, ഇതെല്ലാം സംഭവിക്കാറുണ്ട്. പാപം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ കരുണ ലഭിക്കും. ഒരുപാട് കുടുംബങ്ങള്‍ ബന്ധനത്തില്‍ കഴിയുന്നതിന് കാരണം കുമ്പസാരിക്കാത്തതാണ്. ജീവിതത്തിലെ കെട്ട് അഴിക്കാതെ കുമ്പസാരിക്കുന്നവര്‍ ധാരാളമുണ്ട്.
അതായത് ഈസ്റ്റര്‍ ക്രിസ്തുമസ് അവസരങ്ങളില്‍ ആണ്ടുകുമ്പസാരം നടത്തി എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുപോകുന്നവര്‍. വര്‍ഷങ്ങളായി ഒരേ പാപം തന്നെ കുമ്പസാരക്കൂട്ടില്‍ ഏറ്റുപറഞ്ഞ് ഒരു ഒത്തുതീര്‍പ്പു നടത്തുന്നവരാണ് ഭൂരിപക്ഷവും. അവിടെ കുരുക്ക് അതുപോലെ കിടക്കും. കുമ്പസാരം നടത്താന്‍ പോകുന്നതിന് മുമ്പ് തലേദിവസം രാത്രിയില്‍ ഉറക്കമിളച്ചിരുന്ന് കഴിഞ്ഞുപോയ ജീവിതത്തില്‍ ചെയ്തുപോയ ഓരോ പാപങ്ങളും കണ്ടെത്തണം. അവയെല്ലാം കുമ്പസാരക്കൂട്ടില്‍ ഏറ്റുപറയണം. അപ്പോള്‍ കെട്ടുകള്‍ അഴിയും. നാം കൃപ സ്വീകരിക്കും. എന്‌റെ ജീവിതത്തെ കെട്ടിയിടുന്ന പാപം ഏതാണെന്ന് ഓരോരുത്തരും കണ്ടുപിടിക്കണം.
നല്ല അമ്മയാകാന്‍ കഴിയണമെങ്കില്‍, നല്ല കുടുംബനാഥന്‍ ആകാന്‍ കഴിയണമെങ്കില്‍ നിരന്തരം കഴുകിവിശുദ്ധീകരിക്കപ്പെടണം. അറിയാതെ ചെയ്തുപോകുന്ന തെറ്റുകളും ബോധപൂര്‍വ്വം ചെയ്യുന്ന തെറ്റുകളും. ഇവ രണ്ടും കണ്ടെത്തി കുമ്പസാരിക്കണം.കുട്ടിയായി വളര്‍ന്നുവന്നപ്പോള്‍ മുതല്‍ ഇതുവരെയുള്ള ജീവിതത്തില്‍ ചെയ്തുപോയ എല്ലാ പാപങ്ങളും ഏറ്റുപറയുക. ദൈവം നമ്മുടെ ജീവിതത്തില്‍ കൃപകള്‍ നല്കും.