കൊച്ചി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75 ാമത് ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് സീന്യൂസ് സംഘടിപ്പിച്ച എന്റെ അല്‍ഫോന്‍സാമ്മ എന്ന ഗ്ലോബല്‍ ഓണ്‍ലൈന്‍ തിരുനാള്‍ ആഘോഷം സഭയുടെ ചരിത്രത്തില്‍ സുപ്രധാന നിമിഷങ്ങളാണ് സമ്മാനിച്ചത്. ആറു ഭൂഖണ്ഡങ്ങള്‍ ചേര്‍ന്നൊരുക്കിയ ഈ തിരുനാള്‍ ആഘോഷത്തില്‍ 75 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അല്‍ഫോന്‍സാമ്മ ഓര്‍മ്മകള്‍ പങ്കുവച്ചു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓണ്‍ലൈന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.
പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോഴിക്കോട് രുപതാധ്യക്ഷന്‍ ഡോ വര്‍ഗീസ് ചക്കാലയ്ക്കല്‍, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ ലിസ് മേരി എഫ്‌സിസി, ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, വിവിധ സന്യാസസഭാ ശ്രേഷ്ഠര്‍, സന്യാസിനികള്‍, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ ആധാരമാക്കി ഫാ.റോയി കണ്ണന്‍ചിറ എഴുതിയ സഹനരാഗങ്ങളുടെയും സിസ്റ്റര്‍ എലൈസ് മേരി എഴുതിയ വിശുദ്ധിയുടെ പൂമരത്തിലൂടെ എന്ന കൃതിയുടെയും പ്രകാശനം ചടങ്ങില്‍ നടന്നു.
ലോക വയോജനദിനത്തോട് അനുബന്ധിച്ച് സിന്യൂസ് ലൈവ് നടത്തിയ പാട്ടുമത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്ന് വിജയികളുടെ പ്രഖ്യാപനവും നടത്തി. ഫാ. ജോണ്‍സണ്‍ പാലപ്പള്ളിയായിരുന്നു പ്രോഗ്രാം കോഡിനേറ്റര്‍.