പ്രാര്‍ത്ഥിക്കാത്തവരായി ആരുമുണ്ടാവില്ലെന്ന് ഉറപ്പ്. എന്നാല്‍ എങ്ങനെയാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍? നമ്മുടെ പ്രാര്‍ത്ഥനാരീതികളെങ്ങനെയാണ്? നമ്മുക്കു വേണ്ടുന്ന കാര്യങ്ങളെല്ലാം ആവര്‍ത്തിക്കുന്ന രീതിയാണോ അത്? ഒരിക്കലുമല്ല. പ്രാര്‍ത്ഥിക്കുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ചുവടെ കൊടുക്കുന്നു
പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവത്തില്‍ പൂര്‍ണ്ണമായും ആശ്രയിക്കുകയാണെന്ന ബോധ്യം ഉണ്ടാവണം. ദൈവത്തില്‍ ശരണപ്പെടാതെയുള്ള പൂര്‍ണ്ണമായും ദൈവഹിതത്തിന് കീഴ്‌പ്പെടാതെയുളള പ്രാര്‍ത്ഥനകള്‍ ഒരിക്കലും ഫലം തരില്ല.
ഭൗതികമായ നന്മകള്‍ക്കുവേണ്ടി മാത്രമായിരിക്കരുത് നാം പ്രാര്‍ത്ഥിക്കേണ്ടത്. ആത്മീയമായ നന്മകളും അതില്‍ ഉള്‍പ്പെട്ടിരിക്കണം.
നമ്മുക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നവരാകാതെ മറ്റുള്ളവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. മധ്യസ്ഥപ്രാര്‍ത്ഥന നമ്മുടെ ജീവിതത്തിന് തന്നെ വലിയ നന്മകള്‍ പ്രദാനം ചെയ്യുന്നവയാണ്.
ദൈവം നമുക്കുവേണ്ടി ചെയ്തുതന്നവയ്‌ക്കെല്ലാം നാം അവിടുത്തോട് പ്രാര്‍ത്ഥനയിലൂടെ നന്ദി പറയണം. നന്ദി പറയാത്ത പ്രാര്‍ത്ഥനകള്‍ പ്രാര്‍ത്ഥനകളല്ല. പ്രാര്‍ത്ഥനയിലൂടെ നാം ദൈവത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കണം. ദൈവത്തെ സ്തുതിക്കണം.
ഇങ്ങനെ അഞ്ചുരീതിയിലുള്ള നമ്മുടെ പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനാരീതികളുമാണ് ദൈവസന്നിധിയില്‍ സ്വീകാര്യമാകുന്നത്.