ബെയ്ജിംങ്: ആരാധനയില്‍ പങ്കെടുത്ത കുട്ടികള്‍ ഉള്‍പ്പടെ 28 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനയിലെ സിചുവാന്‍ പ്രോവിന്‍സിലാണ് സംഭവം. ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടിവരെ അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ഒമ്പതുകുട്ടികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അനധികൃതമായി സമ്മേളിച്ചു എന്ന് ആരോപിച്ചാണ് പോലീസ് വീടു വളഞ്ഞത്. തങ്ങള്‍ക്ക് വന്ന ഫോണ്‍കോളിന്റെ വെളിച്ചത്തിലാണ് റെയ്ഡ് നടന്നതെന്ന് പോലീസ് അവകാശപ്പെട്ടു. വീട്ടുടമ കൃത്യമായ രേഖകള്‍ പോലീസിനെ കാണിച്ചുവെങ്കിലും അത് അവഗണിച്ചുവെന്നും വീട്ടിലേക്ക് അതിക്രമിച്ചു കയറുകയാണ് ചെയ്തതെന്നും വീട്ടുടമസ്ഥന്റെ ബന്ധുക്കള്‍ അറിയിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സുവിശേഷപ്രഘോഷകനെ ഒഴികെയുള്ളവരെ പിന്നീട് പോലീസ് വിട്ടയച്ചു. ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അടുത്തകാലത്ത് ചൈനയിലെ അധികാരികള്‍ ക്രൈസ്തവരെക്കുറിച്ച് രഹസ്യവിവരം നല്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാവാം അനധികൃത സമ്മേളനമെന്ന് ആരോപിച്ച് പോലീസിന് വിവരം നല്കിയത്.
ഓപ്പണ്‍ ഡോര്‍സ് യുഎസ് എയുടെ കണക്കുകള്‍ പ്രകാരം ലോകത്തിലെ 60 രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ മതപീഡനം ശക്തമാണ്. അതില്‍ ചൈനയിലെ 97 മില്യന്‍ ക്രൈസ്തവരും ഉള്‍പ്പെടുന്നു.