സത്‌ന: കരോള്‍ ഗാനം പാടിയത് മതപരിവര്‍ത്തനമായി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഫാ. ജോര്‍ജ് മംഗലപ്പിള്ളിക്ക് നാലുവര്‍ഷത്തിന് ശേഷം നീതി ലഭിച്ചു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോടതി വിട്ടയ്ക്കുകയായിരുന്നു. കേസിനാസ്പദമായ സംഭവം ഇങ്ങനെയായിരുന്നു.
ക്രിസ്തുമസ് കരോള്‍ഗാനം പാടി സെമിനാരിവിദ്യാര്‍ത്ഥികള്‍ക്കും സഹവൈദികനുമൊപ്പം ഭോപ്പാലില്‍ നിന്ന് ജവഹര്‍നഗര്‍ ഭൂംകാഹര്‍ ഗ്രാമത്തിലേക്ക് പോകുമ്പോള്‍ അതിന്റെ പേരില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഫാ. ജോര്‍ജ് മംഗലപ്പിള്ളി കരുതിയിരുന്നില്ല.പക്ഷേ സംഭവിച്ചത് അതാണ്. വൈദികന്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപണം ഉയര്‍ന്നു.ഗ്രാമത്തിലെ ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുകയാണത്രെ ഗ്രൂപ്പിന്റെ ലക്ഷ്യം.
സംഭവം കേട്ടറിഞ്ഞെത്തിയ പോലീസ് വൈദികനെയും സംഘത്തെയും പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പിന്നീട് ഇവരെക്കുറിച്ച് അന്വേഷിക്കാനെത്തിയ വൈദികരെ പോലും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ വൈദികരുടെ വാഹനം അഗ്നിക്കിരയാക്കുകയും കത്തോലിക്കരെ മര്‍ദ്ദിക്കുകയും ചെയ്തു. ധര്‍മ്മേന്ദ്രകുമാര്‍ എന്ന വ്യക്തിയാണ് ഫാ. മംഗലപ്പിള്ളിക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ചത്. കേസിനാസ്പദമായ സംഭവം നടന്ന 2017 ഡിസംബര്‍ 14 വൈകുന്നേരം ആറു മണിമുതല്‍ അടുത്ത ദിവസം രാത്രി 10 മണിവരെ വൈദികന് സ്റ്റേഷനില്‍ കഴിച്ചുകൂട്ടേണ്ടതായി വന്നു.
അന്ന് ആരംഭിച്ച കേസാണ് നാലുവര്‍ഷത്തിന് ശേഷം പരിസമാപ്തിയിലെത്തി വൈദികന്‍ മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് കണ്ടെത്ത ിവിട്ടയച്ചത്. ഇതിന് മുമ്പ് രണ്ടു തവണ ഫാ. ജോര്‍ജിന് നേരെ ഇതേ ആരോപണം ഉയര്‍ന്നിട്ടുണ്ട്. സാത്‌ന സെന്റ് എഫ്രേം തിയോളജിക്കല്‍ കോളജ് പ്രഫസറാണ് 64 കാരനായ ഫാ. ജോര്‍ജ് മംഗലപ്പിള്ളി. 2011 ലെ സെന്‍സസ് അനുസരിച്ച് മധ്യപ്രദേശില്‍ 210,000 ക്രൈസ്തവരാണ് ഉള്ളത്.