വത്തിക്കാന്‍ സിറ്റി: തന്റെ ആത്മീയതയും കാഴ്ചപ്പാടും വരുന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നിന്നാണെന്നും അതിന്റെ സ്വാധീനം തന്റെ ജീവിതത്തിലും പ്രബോധനങ്ങളിലുമുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കാനഡയിലെ കര്‍ദിനാള്‍ മൈക്കല്‍ സേര്‍നിയും ഇറ്റാലിയന്‍ ദൈവശാസ്ത്രജ്ഞന്‍ ഫാ. ക്രിസ്ത്യന്‍ ബരോണിയും ചേര്‍ന്നെഴുതിയ ഫ്രാറ്റേണിറ്റി- സൈന്‍ ഓഫ് ദ ടൈംസ്; ദ സോഷ്യല്‍ മജിസ്റ്റീരിയം ഓഫ് പോപ്പ് ഫ്രാന്‍സിസ് എന്ന പുസ്തകത്തിന് എഴുതിയ അവതാരികയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ ഭാഷയിലെഴുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങും. വത്തിക്കാന്‍ പബ്ലീഷിംങ് ഹൗസാണ് പ്രസാധകര്‍.
1963 മുതല്‍ 1965 വരെയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നത്. കത്തോലിക്കാസഭയുടെ നവീകരണത്തിന് കാരണമായ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയായിരുന്നു. നൂറുകണക്കിന് വൈദികരും അല്മായരും പങ്കെടുത്ത കൗണ്‍സിലാണ് ഇന്നത്തെ കത്തോലിക്കാസഭയെ രൂപപ്പെടുത്തിയത്. വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുന്ന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഇരുപതുകളിലായിരുന്നു.