കൊളംബോ: നടുക്കമുളവാക്കുന്ന സംഭവപരന്പരകള്‍ക്ക് ശേഷം സെന്‍റ് ആന്റണീസ് ദേവാലയം വീണ്ടും വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിക്കാട സെന്റ് ആന്റണീസ് ദേവാലയത്തില്‍ പുനരുത്ഥാനവും ഉയിര്‍പ്പും നടന്നത്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ദേവാലയത്തിന്റെ കൂദാശയും പുനപ്രതിഷ്ഠയും നടന്ന ദിവസമായിരുന്നു അത്.
കഴിഞ്ഞുപോയ അമ്പതുദിനരാത്രങ്ങള്‍ കൊളംബോയിലെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പീഡാനുഭവങ്ങളുടെയും ദു: ഖവെള്ളിയുടേതുമായിരുന്നു. ഇപ്പോഴാണ് ആശങ്കകള്‍ തെല്ലൊന്ന് അടങ്ങിയത്. കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്താണ് ദേവാലയത്തിന്റെ പുനപ്രതിഷ്ഠയും കൂദാശയും നിര്‍വഹിച്ചത്.
ഭീകരാക്രമണങ്ങളെതുടര്‍ന്ന് ദേവാലയങ്ങളില്‍ പരസ്യമായ ആരാധനകളും ഞായറാഴ്ചകളിലെ ദിവ്യബലി അര്‍പ്പണം പോലും നിര്‍ത്തിവച്ചിരുന്ന ഇരുണ്ട ദിവസങ്ങളുണ്ടായിരുന്നു കൊളംബോയിലെ വിശ്വാസികള്‍ക്ക്. അന്ന് മെത്രാസനമന്ദിരത്തില്‍ ദിവ്യബലി അര്‍പ്പിച്ച് ആ വിശുദ്ധ കുര്‍ബാന ടെലിവിഷനിലൂടെ കര്‍ദിനാള്‍ രഞ്ജിത്ത് സംപ്രേഷണം ചെയ്തിരുന്നു. നിരവധി ആളുകള്‍ തങ്ങളുടെ ഭവനങ്ങളിലിരുന്ന് ടെലിവിഷനിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
അത്തരം ഓര്‍മ്മകളെല്ലാമായിട്ടാണ് സെന്റ് ആന്റണീസ് ദേവാലയത്തിന്റെ കൂദാശയിലും പുനപ്രതിഷ്ഠയിലും വിശ്വാസികള്‍ പങ്കെടുത്തത്. സെന്റ് ആന്റണീസ് കൂടാതേ സെന്റ് സെബാസ്റ്റ്യന്‍ കത്തോലിക്കാ ദേവാലയത്തിലും സിയോന്‍ ദേവാലയത്തിലും സ്‌ഫോടനങ്ങള്‍ നടന്നിരുന്നു.
ശ്രീലങ്കന്‍ നാവിക സേനയുടെ മേല്‍നോട്ടത്തിലായിരുന്നു സെന്റ് ആന്റണീസ് ദേവാലയത്തിന്റെ പുനനിര്‍മ്മാണം നടന്നത്.