ബിര്‍മ്മിങ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ അവാര്‍ഡ് ദാന സമ്മേളനം നടന്നു. കോവിഡ് കാലത്ത് വീടുകളിലേക്ക് ഒതുങ്ങിപ്പോയ കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തിയെടുക്കാനായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബൈബിള്‍ കലോത്സവത്തിലെയും ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്, നസ്രാണി ചരിത്ര പഠന മത്സരം എന്നീ മത്സരങ്ങളിലെയും വിജയികള്‍ക്കാണ് ഔര്‍ ലേഡി ഓഫ് ദി റോസറി ആന്റ് സെന്റ് തെരേസ കാത്തലിക് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബൈബിള്‍ അപ്പസ്‌തോലറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍ ആശംസ നേര്‍ന്നു. ബൈബിള്‍ അപ്പസ്തലേറ്റ് രൂപത കോര്‍ഡിനേറ്റര്‍ ആന്റണി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോണ്‍ കുര്യന്‍, റോമില്‍സ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ബൈബിള്‍ കലോത്സവമത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ പ്രസ്റ്റണ്‍ റീജ്യനും രണ്ടാം സ്ഥാനം നേടിയ കേംബ്രിഡ്ജ് റീജിയനും എവര്‍റോളിംങ് ട്രോഫി കരസ്ഥമാക്കി. ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തിന് സുവാറ ബൈബിള്‍ ക്വിസ് എന്ന പേരു നിര്‍ദ്ദേശിച്ച റോസ് ജിമ്മിച്ചനും നസ്രാണി ചരിത്ര പഠനമത്സരത്തിന്റെ കവര്‍ ഫോട്ടോമത്സരത്തില്‍ വിജയിച്ച ജോബിന്‍ ജോര്‍ജിനും കുടുംബത്തിനും അവാര്‍ഡുകള്‍ നല്കി.
ചടങ്ങില്‍ വച്ച്് ബൈബിള്‍ അപ്പോസ്തലേറ്റിന്റെ പുതിയ ലോഗോ മാര്‍ സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. സുദീപ് ജോസഫ് ആണ് ലോഗോ പ്രകാശനം ചെയ്തത്. ബൈബിള്‍ അപ്പോസ്തലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് രൂപതയിലെ ഓരോ റീജിയനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന രണ്ടുപേരടങ്ങുന്ന പതിനാറ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മീഷന്‍ മെമ്പേഴ്‌സ് ആണ്. ബൈബിള്‍ അപ്പസ്തലേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി ഓരോ മിഷനില്‍ നിന്നും ഓരോ മിഷന്‍ കോ ഓര്‍ഡിനേറ്റേഴ്‌സ് കമ്മീഷന്‍ മെമ്പേഴ്‌സിനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്നു. സുവിശേഷമാകാനും സുവിശേഷമേകാനും ദൈവജനത്തെ രൂപപ്പെടുത്തിയെടുക്കുന്നതിന് വിപുലമായ പരിപാടികളാണ് ബൈബിള്‍ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.