വത്തിക്കാന്‍ സിറ്റി: മാനസാന്തരപ്രക്രിയയില്‍ ദൈവം മുന്‍കൈയെടുക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിസ്‌ക്കന്‍ അല്മായ സഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്തുകൊണ്ട് സന്ദേശം നല്കുകയായിരുന്നു പാപ്പ. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയാണ് അദ്ദേഹം ഉദാഹരിച്ചത്.
ഫ്രാന്‍സീസിന്റെ മാനസാന്തരം അദ്ദേഹത്തെ കുഷ്ഠരോഗികളുടെ അടുക്കലേക്ക് അയച്ചതുപോലെ നമുക്കോരോരുത്തര്‍ക്കും സംഭവിക്കുന്ന മാനസാന്തരം നാം ഒരിക്കലും പോകാന്‍ ആഗ്രഹിക്കാത്ത ഇടങ്ങളിലേക്ക് നമ്മെ നയിക്കുന്നു. എനിക്ക് കയ്പ്പുള്ളതായി തോന്നിയത് ആത്മാവിന്റെയും ശരീരത്തിന്റെയും മധുരമായി മാറ്റിയെന്നാണ് ഫ്രാന്‍സിസ് അസ്സീസി പറഞ്ഞതെന്നും പാപ്പാ അനുസ്മരിച്ചു. ഉപവാസം, ദാനധര്‍മ്മം, ആശയടക്കം എന്നിവയെല്ലാം ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് തുറക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.
ഓരോരുത്തരും അവരവരുടെ വിളി അനുസരിച്ച് ലളിതമായ ജീവിതത്തോടെ കാപട്യമില്ലാതെ യേശുവിന് സാക്ഷ്യം നല്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.