ബാംഗ്ലൂര്‍: മതപരിവര്‍ത്ത നിരോധിത നിയമത്തിനും ക്രൈസ്തവരെക്കുറിച്ചുള്ള സര്‍വ്വേയ്ക്കുംഎതിരെ ബാംഗ്ലൂര്‍ യൂണൈറ്റഡ് ക്രിസ്്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ റാലി നടത്തി. ബാംഗ്ലൂര്‍ അതിരൂപത മുന്‍കൈയെടുത്ത റാലിയില്‍ മറ്റ് കത്തോലിക്കാരൂപതകളും എല്ലാ ക്രൈസ്തവ വിഭാഗങ്ങളും പങ്കെടുത്തു.
മതപരിവര്‍ത്തന നിരോധിത നിയമം ക്രൈസ്തവരെ ആക്രമിക്കാനുള്ള ഹൈന്ദവതീവ്രവാദികള്‍ക്ക് ലഭിച്ചിരിക്കുന്ന ലൈസന്‍സ് അല്ല എന്ന് ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷമാണെങ്കിലും ഈ അനീതിക്കെതിരെ പോരാടാന്‍ എല്ലാ ക്രൈസ്തവരും മുന്നിട്ടിറങ്ങണമെന്നും ന്യൂനപക്ഷമായ ക്രൈസ്തവര്‍ ഒരിക്കലും ഗവണ്‍മെന്റിന് മുമ്പില്‍ അടിയറവ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 25000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലിക്കാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ അത് രണ്ടായിരമായി കുറയ്ക്കുകയായിരുന്നു.
നിരവധി രാഷ്ട്രീയ നേതാക്കന്മാരും മതനേതാക്കളും മുസ്ലീം പുരോഹിതരും റാലിയില്‍ പങ്കെടുത്തു. മതപരിവര്‍ത്തന നിരോധിത ബില്‍ ക്രൈസ്തവര്‍ക്ക് എതിരെ മാത്രമുളളതല്ല എന്നും അത് ഭരണഘടനയ്ക്ക് തന്നെ എതിരാണെന്നും പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകയും കത്തോലിക്കയുമായ മാര്‍ഗരറ്റ് ആല്‍വ പ്രസംഗിച്ചു. മതപരിവര്‍ത്തനമായിരുന്നു ക്രൈസ്തവരുടെ ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ ഭാരതത്തിലെ പാതിയോളം ജനങ്ങള്‍ ക്രൈസ്തവരായി മാറുമായിരുന്നുവെന്ന് ആര്‍ച്ച് ബിഷപ് മച്ചാഡോ അഭിപ്രായപ്പെട്ടു.