വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിന്റെയും മാതാവിന്റെയും ജീവിതത്തിലെന്നതുപോലെ ദൈവികപരിപാലന കൂടുതലായി തിരിച്ചറിയുന്ന ഇടമാണ് കുടുംബമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്കിയ ക്രിസ്തുമസ് സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
കുടുംബത്തിലെ പ്രായമായവരോടുള്ള പരിഗണനയുടെ പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞു. മുത്തശ്ശീമുത്തച്ഛന്മാരെ നേരില്‍ ചെന്നുകാണുവാന്‍ സാധിക്കില്ലെങ്കില്‍ ഫോണിലൂടെയെങ്കിലും അവരുമായി ഈ ക്രിസ്തുമസ് ദിവസം സംസാരിക്കണം. ഉപകാരമില്ലാത്തതെന്ന് തോന്നുന്നവരെ ഉപേക്ഷിക്കുന്ന സംസ്‌കാരം തിന്മയാണ്. മാതാപിതാക്കള്‍ വിതയ്ക്കുന്നതാണ് മക്കളില്‍ നിന്ന് തിരികെ ലഭിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം വിശുദ്ധ യൗസേപ്പിന് സമര്‍പ്പിച്ചതില്‍ തനിക്ക് സന്തോഷമുണ്ട്, ജോസഫിനെ കൂടുതലായി അടുത്തറിയാന്‍ ഈ വര്‍ഷാചരണം സഹായിച്ചു. ജോലി സംബന്ധമായ കാര്യങ്ങളില്‍ മാത്രമല്ല കുടുംബസംബന്ധമായ പ്രശ്‌നങ്ങളിലും യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണം. ദൈവികപദ്ധതികള്‍ എപ്പോഴും വ്യക്തമായിരിക്കുകയില്ല. അത് മനസ്സിലാക്കാന് ക്ഷമയും വിശ്വാസവും ആവശ്യമാണ്.
യേശു ജനിച്ചത് സ്‌നേഹത്തിലാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എവിടെയാണോ സ്‌നേഹം മൂര്‍ത്തമായും സാമീപ്യമായും ആര്‍ദ്രതയായും അനുകമ്പയായും മാറുന്നത് അവിടെയാണ് ദൈവം ജനിക്കുന്നത്.പാപ്പ പറഞ്ഞു.