വത്തിക്കാന്‍ സിറ്റി: വചനം മാംസമായത് നമ്മോട് സംവദിക്കാന്‍ വേണ്ടിയാണെന്നും ദൈവം ഏകഭാഷണമല്ല സംവാദമാണ് ആഗ്രഹിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം തന്നെ പരസ്പരമുള്ള സംവാദമാണ്.
സ്‌നേഹത്തിന്റെയും ജീവന്റെയും നിത്യവും അനന്തവുമായ ഒരു കൂട്ടായ്മയാണ് അത്. ലോകത്തിലേക്ക് വചനം മാംസമായ വ്യക്തിയായി കടന്നുവരുമ്പോള്‍ ദൈവം നമുക്ക് പരസ്പരമുളള കണ്ടുമുട്ടലിന്റെയും സംവാദത്തിന്റെയും വഴിയാണ് കാണിച്ചുതരുന്നത്. അന്തര്‍ദ്ദേശീയ രംഗത്ത് സംവാദങ്ങള്‍ നടത്താന്‍ ആഗ്രഹിക്കാതിരിക്കുക എന്ന അപകടമുണ്ട്. സംവാദത്തിന്റെ ദൈര്‍ഘ്യമേറിയ പാതകളെക്കാള്‍ മറ്റ് കുറുക്കുവഴികള്‍ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന അപകടവുമുണ്ട്.
പക്ഷേ സംവാദങ്ങള്‍ മാത്രമാണ് നീണ്ടുനില്ക്കുന്നതും പരസ്പരം പങ്കിടാവുന്നതും നേട്ടങ്ങളിലേക്കും പ്രശ്‌നപരിഹാരങ്ങളിലേക്ക് നയിക്കുന്നതും. ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്ന് ഊര്‍ബി ഏത്ത് ഓര്‍ബി സന്ദേശം നല്കുകയായിരുന്നു പാപ്പ. ഞങ്ങള്‍ക്കായി ജന്മമെടുത്ത ക്രിസ്തുവേ അങ്ങയോടൊപ്പം സമാധാനത്തിന്റെ പാതകളില്‍ നടക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
തടവുകാര്‍, അഭയാര്‍ത്ഥികള്‍, രോഗികള്‍, അവരെ പരിചരിക്കുന്നവര്‍, അമേരിക്ക, എത്യോപ്യ, സഹേല്‍, വടക്കേ ആഫ്രിക്ക,സുഡാന്‍, ദക്ഷിണ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളെയും പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു.