കൊല്‍ക്കൊത്ത: പ്രതിബന്ധങ്ങള്‍ നേരിടുമ്പോഴും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരുത്തില്ലെന്ന് മിഷനറീസ് ഓഫ് ചാരിറ്റി. രാജ്യത്തെ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ടാണ് മിഷനറീസ് ഓഫ് ചാരിറ്റി പിടിച്ചുനില്ക്കുന്നത്.
ആരോരുമില്ലാത്തവരെയും രോഗികളെയും വയോധികരെയും പരിചരിക്കുന്നതു പതിവുപോലെ തുടരും. ചാരിറ്റിക്കായി ലഭിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും രാജ്യത്തിനകത്തു നിന്ന് തന്നെയാണ് ലഭിക്കുന്നതെന്നും ഇവിടെ തന്നെയാണ് ചെലവഴിക്കുന്നതെന്നും അവര്‍ അറിയിച്ചു. വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തോടുള്ള പ്രതികരണം അറിയിക്കുകയായിരുന്നു അവര്‍. പ്രശ്‌നം ഓഡിറ്റര്‍മാരുമായും വിദഗ്ദരുമായും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
അതേസമയം മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശഫണ്ടുകള്‍ സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കി നല്കാത്തത് ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള അജന്‍ഡയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അധാര്‍മ്മികവും വിദ്വേഷപരവും പ്രതികാരാമത്കവുമായ അജന്‍ഡയുടെ പുതിയ ഇരകളാണ് മദര്‍ തെരേസയും മിഷനറീസ് ഓഫ് ചാരിറ്റിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.