ടെക്‌സാസ്: ജോലിസ്ഥലത്ത് നേരിട്ട വിവേചനങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിന് ക്രിസ്ത്യന്‍ നേഴ്‌സ്. സിവിഎസ് ഫാര്‍മസിയിലെ മുന്‍ സ്റ്റാഫ് റോബിയന്‍ സട്രാഡെര്‍ എന്ന 72 കാരിയാണ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. തന്റെ മതവിശ്വാസത്തിനെതിരായ കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനി നിര്‍ബന്ധിച്ചുവെന്നും തന്റെ മതവിശ്വാസം മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ആരോപണത്തില്‍ പറയുന്നു.
2015 ലാണ് റോബിയന്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. ക്രൈസ്തവിശ്വാസിയായിരുന്ന റോബിയന് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിശദീകരണം നല്കുന്നതില്‍ നിന്ന് മതവിശ്വാസത്തെപ്രതി ഒഴിവു നല്കിയിരുന്നു. എന്നാല്‍ 2021 ല്‍ ഇതിന് മാറ്റം വരുത്തുകയും അങ്ങനെ എല്ലാവരും ചെയ്യേണ്ടതായ കാര്യങ്ങള്‍ക്ക് റോബിയന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു.
ഞാനൊരു ക്രിസ്ത്യാനിയും ബാപ്റ്റിസ്റ്റ് സഭാംഗവുമാണ്. എല്ലാ മനുഷ്യജീവനും ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് എന്റെ വിശ്വാസം. അതുകൊണ്ട് തന്നെ അത് സംരക്ഷിക്കപ്പെടുകയും വേണം. ഇക്കാരണത്താല്‍ അബോര്‍ഷന് കൂട്ടുനില്ക്കാനോ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കാനോ എനിക്ക് കഴിയുകയില്ല. റോബിയന്‍ നയം വ്യക്തമാക്കുന്നു.
മതവിശ്വാസം മാറ്റിനിര്‍ത്തി ജോലിയില്‍ സഹകരിക്കണമെന്നും ഇല്ലെങ്കില്‍ പിരിച്ചുവിടുമെന്നുമായിരുന്നു കമ്പനിയുടെ മുന്നറിയിപ്പ്. എന്നാല്‍ തനിക്കൊരിക്കലും വിശ്വാസം ത്യജിക്കാനാവില്ലെന്നായിരുന്നു റോബിയന്റെ നിലപാട്. തുടര്‍ന്ന് അവരെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചുവിടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് റോബിയന്‍ നിയമനടപടികളുമായി മു്‌ന്നോട്ടുപോകുന്നത്.