കൊച്ചി: സീറോ മലബാര്‍ സഭയില്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ കത്ത് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയിലെ എല്ലാ മെത്രാന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും അറിവിലേക്കായി അയച്ചു.
ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ നടന്നുവരുന്ന എല്ലാവിധ പ്രതിഷേധപ്രവൃത്തികളും നിര്‍ത്തിവയ്ക്കണമെന്ന് കത്തില്‍ നിര്‍ദ്ദേശിക്കുന്നതായി ചൂണ്ടിക്കാട്ടിയ കര്‍ദിനാള്‍, സിനഡ് തീരുമാനവുമായി യോജിച്ചു പോകണമെന്ന പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ നിര്‍ദ്ദേശം എല്ലാവരും പൂര്‍ണ്ണഹൃദയത്തോടെ അംഗീകരിച്ച് സഭയുടെ ഐക്യവും കെട്ടുറപ്പും വളര്‍ത്തണമെന്നും ആഹ്വാനം ചെയ്തു.
സഭയിലെ എല്ലാ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കുമായി ഈ കത്ത് പരസ്യപ്പെടുത്തണമെന്ന പൗരസ്ത്യ സഭാകാര്യാലയത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയ്ക്കുന്നതെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി.