വത്തിക്കാന്‍ സിറ്റി: മതി യുദ്ധം അവസാനിപ്പിക്കൂ, ആയുധങ്ങള്‍ നിശ്ശബ്ദമാകട്ടെ, ഇല്ലെങ്കില്‍ യു്ദ്ധം നമ്മെ നശിപ്പിക്കും. സമാധാനത്തിന് വേണ്ടി ഗൗരവത്തോടെ മുന്നോട്ടുപോകൂ.. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള മാര്‍പാപ്പയുടെ അപേക്ഷ വീണ്ടും ഉയര്‍ന്നു. ഇന്നലെ യാമപ്രാര്‍ത്ഥനയക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ മുപ്പതിനായിരത്തോളം വിശ്വാസികളോടായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തെ തള്ളിപ്പറയേണ്ടത് നമ്മുടെ ആവശ്യമാണ്, അത് മരണഭൂമിയാണ്, അച്ഛനമ്മമാര്‍ക്ക് തങ്ങളുടെ മക്കളെ സംസ്‌കരിക്കേണ്ടിവരുന്നു. സഹോദരന്‍ സഹോദരനെ കൊല്ലുന്നു, ദരിദ്രര്‍ മരിച്ചുവീണുകൊണ്ടിരിക്കുന്നു. യുക്രെയ്‌നിലെ പാതിയോള്ം കുട്ടികള്‍ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യം വിട്ടുപോയിരിക്കുന്നതായും പാപ്പ പറഞ്ഞു. ഇത് ഭാവിയെ നശിപ്പിക്കും. ഇത് യുദ്ധത്തിന്റെ മൃഗീയതയാണ്.
യുദ്ധം ഒരിക്കലും അനിവാര്യതയല്ല. യുദ്ധത്തിന് നാം നമ്മെതന്നെയല്ലാതെ മറ്റാരെയും കുറ്റംവിധിക്കേണ്ടതില്ല. നാളേയ്ക്കുവേണ്ടി നാം നമ്മുടെ മനസ്സിനെ മാനസാന്തരപ്പെടുത്തേണ്ടിയിരിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് വേണ്ടി ഞാന്‍ ഓരോ രാഷ്ട്രീയനേതാക്കന്മാരോടും അപേക്ഷിക്കുന്നു.
യുക്രെയ്‌നില്‍ ഓരോ ദിവസവും സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. സമാധാനരാജ്ഞിയായ മറിയത്തോടുളള പ്രാര്‍ത്ഥനകള്‍ തുടരുക. പാപ്പ പറഞ്ഞു.