കാലിഫോര്‍ണിയ: കുമ്പസാരരഹസ്യം വൈദികര്‍ പുറത്തുപറയണമെന്ന നിയമം കാലിഫോര്‍ണിയ പിന്‍വലിച്ചു. കാലിഫോര്‍ണിയ സെനറ്റ് ബില്‍ 360 ആണ് കാലിഫോര്‍ണിയ അസംബ്ലിയുടെ പബ്ലിക് സേഫ്റ്റി കമ്മറ്റി പിന്‍വലിച്ചത്.
ഇന്നലെയാണ് ബില്‍ കമ്മറ്റി മുമ്പാകെ ഡിബേറ്റിന് എത്തുമായിരുന്നത്. ബില്‍ കമ്മറ്റിക്ക് മുമ്പില്‍ എത്തുന്നതിന് മുമ്പേ സെനറ്റര്‍ ജെറി ഹില്‍ പിന്‍വലിക്കുകയാണ് ചെയ്തത്.
കത്തോലിക്കാവിശ്വാസികളുടെ എതിര്‍പ്പും സഭയുടെ പോരാട്ടവും ഇതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിരുന്നു. ഒരു ലക്ഷത്തോളം കത്തോലിക്കര്‍ ബില്ലിനെതിരെ ഒപ്പിട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. മെയ് മാസത്തിലാണ് സെനറ്റ് ബില്‍ വോട്ടിനിട്ടത്.
ഈ സമയം മുതല്‍ സഭ കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിനെതിരെ സമരരംഗത്തുണ്ടായിരുന്നു. ഓക്ക് ലാ്ന്‍ഡ് ബിഷപ് മൈക്കല്‍ ബാര്‍ബറിന്റെ പരസ്യപ്രസ്താവന ഒരു വൈദികനും ഈ നിയമം അനുസരിക്കേണ്ടതില്ല എന്നും ഈ നിയമം അനുസരിക്കുന്നതിനെക്കാള്‍ ഭേദം ജയിലില്‍ പോകുന്നതാണ് എന്നുമായിരുന്നു.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു വൈദികര്‍ കുമ്പസാരരഹസ്യം പുറത്തുപറയണമെന്ന നിയമം കൊണ്ടുവരാന്‍ ശ്രമിച്ചത്.
ബില്‍ പിന്‍വലിച്ചതിനെ കാലിഫോര്‍ണിയ കാത്തലിക് കോണ്‍ഫ്രന്‍സ് സ്വാഗതം ചെയ്തു. ബില്‍ പിന്‍വലിച്ചത് മതസ്വാതന്ത്ര്യത്തിന്റെ വിജയം ആണെന്ന് കാലിഫോര്‍ണിയ കാത്തലിക് കോണ്‍ഫ്രന്‍സ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.