വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യാലയം പുന:സംഘടിപ്പിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രത്തിലാദ്യമായി മൂന്നുവനിതകളെയും അതില്‍ അംഗങ്ങളാക്കി. സിസ്റ്റര്‍ റഫായെല്ലാ പെത്രീനി, സിസ്റ്റര്‍ ഇവോണ്‍ റേങ്കോത്,ഡോ മരിയ ലിയോ സെര്‍വിനോ എന്നിവരാണ് ഇതിലെ അംഗങ്ങള്‍.
കത്തോലിക്കാ വനിതാ സംഘടനകളുടെ ആഗോളസമിതി പ്രസിഡന്റും സെര്‍വിദോരാസ് എന്ന ഏകസ്ഥ സമൂഹാംഗവുമാണ് ഡോ. മരിയ. ഏതെങ്കിലും വത്തിക്കാന്‍ കാര്യാലയത്തില്‍ അംഗമാകുന്ന ആദ്യഅല്മായ വനിത എന്ന ബഹുമതികൂടിയുണ്ട് ഡോ. മരിയയ്ക്ക്.
ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാര്‍ എന്ന സന്യാസിനി സമൂഹത്തിന്റെ മുന്‍ മദര്‍ ജനറലാണ് സിസ്റ്റര്‍ ഇവോണ്‍.
വത്തിക്കാന്‍ ഭരണകൂടത്തിന്റെ തലപ്പത്തുള്ള രണ്ടാമത് വ്യക്തിയാണ് സിസ്റ്റര്‍ പെത്രീനി.
പുന:സംഘടിപ്പിച്ച കാര്യാലയത്തില്‍ ആകെ 14 അംഗങ്ങളാണ് ഉള്ളത്. സഭയില്‍ മെത്രാന്മാരെ നിയമിക്കുന്നത് ഈ കാര്യാലയത്തിന്റെ ശുപാര്‍ശയില്‍ മാര്‍പാപ്പയാണ്. കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും മാത്രമുള്ള കാര്യാലയത്തില്‍ വനിതകളെകൂടി ഉള്‍പ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രം രചിച്ചിരിക്കുകയാണ്.