നിന്റെ ഹൃദയം നിനക്ക് മാത്രമറിയാവുന്ന കാരണങ്ങളാല്‍ പൊട്ടിത്തകര്‍ന്നിരിക്കുകയാണോ? അതില്‍ നിന്ന് രക്തവും വെളളവും വാര്‍ന്നൊഴുകുന്നുണ്ടോ? ആരോടും തുറന്നുപറയാനാവാത്ത സങ്കടങ്ങള്‍.. ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവാത്ത ഭാരങ്ങള്‍.. ഹോ ജീവിതം ഇത്രമേല്‍ തകര്‍ക്കപ്പെടുമെന്ന് ആരറിഞ്ഞു. അല്ലേ?
എല്ലായിടത്തു നിന്നും അപമാനങ്ങള്‍.തെറ്റിദ്ധാരണകള്‍… മരണം മാത്രമേ മുമ്പിലുള്ളൂ എന്നുപോലും തോന്നുന്നില്ലേ.. അല്ലെങ്കില്‍ ഒന്നു മരിച്ചുപോയിരുന്നുവെങ്കില്‍ എന്ന്..
നിന്റെ ഈ അവസ്ഥകളെല്ലാം മനസ്സിലാവുന്ന ഒരാളുണ്ട്. നമ്മുടെ ദൈവം. നിന്റെ ഹൃദയത്തിലെ മുറിവുകള്‍..സങ്കടങ്ങള്‍.. പൊട്ടിത്തകര്‍ന്നിരിക്കുന്നനിന്റെ അവസ്ഥകള്‍.. നിന്നെ അവിടുന്ന് ആശ്വസിപ്പിക്കും.
ഇതാ നീ ഈ അവസ്ഥയിലൂടെ കടന്നുപോകും മുമ്പേ നിന്റെ അവസ്ഥ മനസ്സിലാക്കിയിട്ടെന്നോണം വചനം നിനക്കായി രേഖപ്പെടുത്തിയിരിക്കുന്നു.
കര്‍ത്താവ് ജറുസലേമിനെ പണിതുയര്‍ത്തുന്നു, ഇസ്രായേലില്‍ നിന്ന് ചിതറിപ്പോയവരെ അവിടന്ന് ഒരുമിച്ചുകൂട്ടുന്നു. അവിടന്ന് ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു. അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു. അവയോരോന്നിനും പേരിടുന്നു. നമ്മുടെ കര്‍ത്താവ് വലിയവനും കരുത്തുറ്റവനുമാണ്. അവിടുത്തെ ജ്ഞാനം അളവറ്റതാണ്. കര്‍ത്താവ് എളിയവരെ ഉയര്‍ത്തുന്നു. ദുഷ്ടരെ തറ പറ്റിക്കുന്നു.( സങ്കീ 147: 2-6)
ഈ വചനം നമുക്കേറ്റുപറയാം. ഈ വചനത്തില്‍ നമുക്കാശ്വസിക്കാം. അവിടന്ന് നമ്മുടെ മുറിവുകള്‍വച്ചുകെട്ടട്ടെ.