വൈദികര്‍ക്ക് ഇത്രയ്ക്ക് അധപ്പതിക്കാന്‍ കഴിയുമോയെന്ന് മറ്റ് 34 രൂപതകളും ചോദിക്കുന്നുവെന്ന് ഫാ. നോബിള്‍ പാറയ്ക്കല്‍. ഏകീകൃത കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെയും കോലാഹലങ്ങളുടെയും പശ്ചാത്തലത്തിലാണ് അച്ചന്‍ തന്റെ പുതിയ വീഡിയോയില്‍ ഈ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
വൈദികര്‍ ഇത്രയ്ക്കും അധപ്പതിക്കാന്‍ പാടില്ല, ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഇഷ്ടം മാത്രമാണ് സിനഡ് നടപ്പിലാക്കിയതെങ്കില്‍ പോലും വൈദികരുടെ പ്രതിഷേധങ്ങള്‍ക്ക് പ്രസക്തിയുണ്ടാകുമായിരുന്നു. ഇത് രണ്ടുപക്ഷങ്ങളെയും മാനിക്കുന്ന ഒത്തുതീര്‍പ്പിന്റെ ഒരു തീരുമാനമായിരുന്നു. അതിനോടുപോലും സഹകരിക്കാന്‍ മേലാത്ത വിധം സഭാനേതൃ്ത്വത്തെയും ആരാധന ക്രമത്തിന്മേലുള്ള സഭാസിനഡിന്റെ അധികാരത്തെയും വെല്ലുവിളിക്കുന്നത് ഇനിയും നോക്കിയിരിക്കുന്നത് എങ്ങനെയാണ്?
. ഉപ്പ് നല്ലതുതന്നെ. എന്നാല്‍ ഉറകെട്ടുപോയാല്‍ അത് പുറത്തേക്ക് വലിച്ചെറിയണം.വിലകെട്ടുപോയ പൗരോഹിത്യം ഉറകെട്ടുപോയ ഉപ്പിന് സമമാണ്. അവ പുറത്തുകടന്ന് ചവിട്ടേല്ക്കാന്‍ വിധിക്കപ്പെട്ടതാണ് ചവിട്ടിയരയ്ക്കാന്‍ ശേഷിയുള്ള വിശ്വാസസമൂഹമാണ് ഇവിടെയുണരേണ്ടത്. ഒരു ന്യൂനപക്ഷ വിമതര്‍ നടത്തുന്ന തോന്ന്യവാസങ്ങളാണ് സഭയില്‍ നടക്കുന്നത്. തോന്ന്യവാസങ്ങള്‍ സഭയില്‍ അനുവദിക്കപ്പെടാന്‍ പാടുള്ളതല്ല. അനുസരിക്കാന്‍ തയ്യാറല്ലാത്തവരെ കൈകാര്യം ചെയ്യുക എന്ന അച്ചടക്ക നടപടിയിലേക്ക് സഭാധികാരികള്‍ കടക്കണം.
സഭാപിതാക്കന്മാര്‍ ഈ സമയം ഉറക്കം നടിക്കരുതെന്ന അപേക്ഷമാത്രമാണുള്ളത്. സഭയുടെ സംഘാതമായ തീരുമാനത്തെ ഉയര്‍ത്തിപിടിക്കണം. അകാരണവും അധാര്‍മ്മികവുമായ കോലാഹലങ്ങള്‍ ഒത്തുതീര്‍പ്പുകളിലല്ല അവസാനിപ്പിക്കേണ്ടതെന്ന് നിങ്ങള്‍ ആര്‍ജ്ജവതം കാണിക്കണം. ഒത്തുതീര്‍പ്പുകളല്ല ശക്തമായ തിരുത്തലുകളാണ് വേണ്ടത്. ഇടയന്മാരുടെ വടി കുത്തിപിടിക്കാന്‍ മാത്രമുള്ളതല്ല. തല്ലുകിട്ടിയാലേ ആലയില്‍ കയറൂ എന്ന് വാശിപിടിക്കുന്ന ആടുകള്‍ക്കുവേണ്ടിയും ആ വടി ഉപയോഗപ്പെടുത്തണം.