എല്ലാവരുടെയും ജീവിതം ഏതെങ്കിലുമൊക്കെ തൊഴിലുമായി ബന്ധപ്പെട്ടാണ് മുന്നോട്ടുപോകുന്നത്. ചിലപ്പോഴത് കാര്‍ഷിക മേഖലയാവാം. മറ്റ്ചിലപ്പോള്‍ ഓഫീസ് ജോലികളോ സ്വയം തൊഴില്‍ മേഖലകളോ ആവാം. ഏതു മേഖലയായാലും ആ തൊഴിലാണ് നമ്മുടെ അന്നം. അതിനെ ആസ്പദമാക്കിയാണ് ജീവിതം മുന്നോട്ടുപോകുന്നത്.
അതുകൊണ്ട് തന്നെ തൊഴില്‍മേഖല വിജയിക്കണം. അഭിവൃദ്ധിപെടണം. അതില്‍ അനുഗ്രഹം പ്രാപിക്കണം. ഇത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. ഇത്തരമൊരു ആഗ്രഹവുമായി മുന്നോട്ടുപോകുന്നവരെല്ലാം ചില തിരുവചനങ്ങള്‍ ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കണം. നമ്മുടെ ജീവിതത്തിലെ ഏത് ആവശ്യത്തിനും ഉപകാരപ്പെടുന്ന പ്രാര്‍ത്ഥനകള്‍ വിശുദ്ധഗ്രന്ഥത്തിലുണ്ട് എന്നതാണ് വാസ്തവം. പക്ഷേ അവ കണ്ടെത്തണമെന്ന് മാത്രം.
തൊഴില്‍ മേഖലയുടെവിജയത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കാനായി ഇതാചില തിരുവചനങ്ങള്‍:
കര്‍ത്താവ് അവന്റെ ശേഷിച്ച ജീവിതം മുമ്പിലത്തേതിനെക്കാള്‍ ധന്യമാക്കി എന്ന തിരുവചനം( ജോബ് 42:12) ഏറ്റുപറഞ്ഞുകൊണ്ട് കര്‍ത്താവേ എന്റെ തൊഴില്‍ മേഖലയെയും ഞാന്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യാപാരങ്ങളെയും അനുഗ്രഹിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവ് വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു. എല്ലാവരും അങ്ങില്‍ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നു. അങ്ങ് അവര്‍ക്ക് യഥാസമയം ആഹാരം കൊടുക്കുന്നു. അവിടന്ന് കൈ തുറന്ന് കൊടുക്കുന്നു. എല്ലാവരും സംതൃപ്തരാകുന്നു എന്ന തിരുവചനത്തിന്റെ ( സങ്കീ 145: 14-16) യോഗ്യതയാല്‍ എന്റെ വരുമാനമാര്‍ഗങ്ങളെ അനുഗ്രഹിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു, അവന്റെ ശിരസില്‍ തങ്കക്കിരീടം അണിയിച്ചു എന്ന തിരുവചനത്തിന്റെ( സങ്കീ 21:3) ശക്തിയാല്‍ അതില്‍ വിശ്വസിച്ചുകൊണ്ട് എന്റെ തൊഴില്‍മേഖലകളെ അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.