പലതരം വഴികളുമായി പരിചയമുള്ളവരാണ് നമ്മള്‍.ലക്ഷ്യങ്ങളിലെത്തിച്ചേരാനുള്ളവയാണ് ഓരോ വഴികളും. എന്നാല്‍ ചില വഴികളെങ്കിലും നമ്മളെ വഴിതെറ്റിക്കുന്നവയാണ്. നല്ലതും ശരിയായതുമായ വഴിയാണെന്ന് വിചാരിച്ച് നാം എത്തിച്ചേരുന്നത് തെറ്റായ വഴിയിലായിരിക്കും. പലപ്പോഴും അത് സംഭവിക്കുന്നത് ലോകം കാണിച്ചുതരുന്ന വഴിയായതുകൊണ്ടാണ്. ദൈവം കാണിച്ചുതരുന്ന വഴി ഒരിക്കലും തെറ്റാറില്ല. ദൈവം എല്ലാവര്‍ക്കും വഴി കാണിച്ചുകൊടുക്കുമോ/ അങ്ങനെയും ഒരു സംശയംതോന്നിയേക്കാം. സങ്കീര്‍ത്തനം പറയുന്നത് ഇപ്രകാരമാണ്.
കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും.( സങ്കീ 25:12)
കര്‍ത്താവിനെ ഭയപ്പെടുക. അതായത് പാപങ്ങളില്‍ നിന്ന് അകന്നുജീവിക്കുക. പ്രമാണങ്ങള്‍ പാലിക്കുക. പാപങ്ങളില്‍ നിന്ന് അകന്നുജീവിക്കുകയും ദൈവേഷ്ടപ്രകാരം ജീവിക്കുകയും ചെയ്യുന്നവനാണ് ദൈവം വഴി കാണിച്ചുകൊടുക്കുന്നത്. അതുകൊണ്ട് നമുക്ക് അങ്ങനെ ജീവിക്കാന്‍ ശ്രമിക്കാം.
കര്‍ത്താവേ പലപ്പോഴും ഞാന്‍ എന്റെ ബലഹീനതകള്‍കൊണ്ട് നിന്നില്‍നിന്ന് അകന്നുജീവിച്ചിട്ടുണ്ട്. എന്റെ ആസക്തികള്‍ എന്നെ നിന്നില്‍ നിന്ന് അകറ്റിയിട്ടുമുണ്ട്. എങ്കിലും ദൈവമേ അങ്ങയോട് ഞാന്‍ യാചിക്കുന്നു എന്റെ വഴികള്‍ അടയ്ക്കരുതേ. എനിക്ക് ശരിയായവഴികള്‍ കാണിച്ചുതരണമേ. ആമ്മേന്‍