വത്തിക്കാന്‍ സിറ്റി: മറിയത്തിന്റെ മഹത്വം ഏതോ അത്യസാധാരണ പ്രവൃത്തി ചെയ്തതിലല്ല മറിച്ച് അവളുടെ മൗനത്തിലാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വാക്കുകളുടെ അഭാവമായിരുന്നില്ല മറിച്ച് ദൈവം ചെയ്തുകൊണ്ടിരിക്കുന്ന അത്ഭുതപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അമ്പരപ്പും ആരാധനയുംനിറഞ്ഞ നിശ്ശബ്ദതയായിരുന്നു മറിയത്തിന്റേതെന്ന് പാപ്പ പറഞ്ഞു. ദൈവമാതൃത്വത്തിന്റെ തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.
ഇന്നേ ദിവസം മറിയത്തെയും നമ്മുടെ അമ്മമാരെയും അനുസ്മരിക്കാനും നിശ്ശബ്ദതയില്‍ അവര്‍ വളര്‍ത്തിയെടുക്കുന്ന സ്‌നേഹം പഠിക്കാനും പാപ്പ ആഹ്വാനം ചെയ്തു. മഹത്തരമായ നിശ്ശബ്ദതയുടെ ദേവാലയങ്ങളാണ് ഓരോ അമ്മമാരുമെന്ന് പാപ്പ പറഞ്ഞു. സ്‌നേഹം ഒരിക്കലും ശ്വാസം മുട്ടിക്കുന്നില്ല. സ്‌നേഹം അപരന് ഇടം നല്കുകയും അവന് വളരാന്‍ അവസരം നല്കുകയും ചെയ്യുന്നു. മാര്‍പാപ്പ വ്യക്തമാക്കി.