വത്തിക്കാന് സിറ്റി: കൗമാരക്കാരനെ പീഡിപ്പിച്ച ഇറ്റാലിയന്‍ വൈദികന് വത്തിക്കാന്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. 2007 മുതല്‍ 2012 വരെ നടന്ന സംഭവത്തില്‍ 2024 ജനുവരി 23 നാണ് വത്തിക്കാന്‍ കോടതി ശിക്ഷ വിധിച്ചത്. ഫാ. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.
സെന്റ് പയസ് പ്രീസെമിനാരിവിദ്യാര്‍ത്ഥിയും അള്‍ത്താരബാലനുമായിരുന്ന അവസരത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി ഇദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നത്. 31 കാരനായ വൈദികന്‍ 2017 ലാണ് വൈദികനായത്.. രണ്ടരവര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് പുറമെ ആയിരം യൂറോയും പിഴയടയ്ക്കണം.
2017 ലാണ് വൈദികനെതിരെ കുറ്റാരോപണം ഉയര്‍ന്നത്. എന്നാല്‍ ആ സമയം വത്തിക്കാന് ഈ കേസുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. 2019 ജൂണ്‍ 29 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ കേസില്‍ നേരിട്ട് ഇടപെടുകയും കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
2020 ഒക്ടോബറില്‍ വിചാരണ ആരംഭിച്ചു. എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാതിരുന്നത് കേസിന് വെല്ലുവിളിയായി. പിന്നീട് വൈദികനെതിരെ തെളിവുകള്‍ ലഭിക്കുകയായിരുന്നു.