പരിശുദ്ധ കന്യാമറിയം ദൈവപുത്രനായ ഈശോയുടെ മാതാവാണെങ്കിലും പല ദേശത്തും പല കാലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. മാതാവ് പ്രത്യക്ഷപ്പെട്ട ദേശത്തോട് ബന്ധപ്പെടുത്തിയാണ് മാതാവിന് ഈ പേരുകള്‍ ലഭിച്ചിരിക്കുന്നത്.
ഫാത്തിമാ മാതാവ്, ലൂര്‍ദ്ദ് മാതാവ്, വേളാങ്കണ്ണി മാതാവ്, കുറവിലങ്ങാട് മുത്തിയമ്മ, ഗഡ്വെലൂപ്പെ മാതാവ് എന്നിങ്ങനെ പല പേരുകളില്‍ മാതാവിനെ നമുക്ക് പരിചയമുണ്ട്. ഇവയില്‍ ചിലര്‍ക്കെങ്കിലും ചില പ്രത്യേക മാതാവിനോട് കൂടുതല്‍ ഭക്തിയുണ്ടായിരിക്കും. ലൂര്‍ദ്ദ് മാതാവിനോട് പ്രത്യേകഭക്തിയുള്ള പലരും നമുക്കിടയിലുണ്ട്. അതിന് പ്രധാന കാരണം എന്ന് പറയുന്നത് ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11 ലോകരോഗീദിനമായി കൂടി ആചരിക്കുന്നുവെന്നതാണ്.
വിശുദ്ധ ബെര്‍ണദീത്തയ്ക്കാണ് ലൂര്‍ദ്ദില്‍ മാതാവ് പ്രത്യക്ഷപ്പെട്ടത്. വെറും സാധാരണക്കാരിയായ ബെര്‍ണദീത്തയ്ക്ക് 18 തവണയാണ് മാതാവ് പ്രത്യക്ഷീകരണം നല്കിയത്. വിശുദ്ധ ബെര്‍ണദീത്ത രോഗികളുടെപ്രത്യേക മധ്യസ്ഥയാണ്. മാതാവ് പ്രത്യക്ഷപ്പെട്ട ഗ്രോട്ടോയ്ക്ക് സമീപം ഒരു അരുവിയുണ്ടായിരുന്നു. ഈ അരുവിയില്‍ നിന്ന് വെളളം കോരി കുടിക്കാനാണ് മാതാവ് ആവശ്യപ്പെട്ടത്. വിശ്വാസത്തോടുകൂടി, പ്രാര്‍ത്ഥനയോടുകൂടി ഈ വെള്ളം ഉപയോഗിച്ചാല്‍ അതൊരു ഔഷധമായി പ്രയോജനപ്പെടും. വിശ്വാസമില്ലാതെ ഈ വെളളം ഉപയോഗിച്ചതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. എണ്‍പതിനായിരത്തോളം പേര്‍ക്ക് ഈ വെള്ളത്തിന്റെ അത്ഭുതശക്തിയാല്‍രോഗസൗഖ്യം കിട്ടിയിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടെയെത്തുകയും ലൂര്‍ദ്ദ് മാതാവിന്റെ അത്ഭുതമാധ്യസ്ഥശക്തിയാല്‍ രോഗവിമുക്തരാവുകയും ചെയ്തിട്ടുണ്ട്. നട്ടെല്ലിന് പരിക്കുപറ്റി വീല്‍ച്ചെയറില്‍ കഴിയുന്ന ഒരു കന്യാസ്ത്രീക്ക്, അതും ഒരു എണ്‍പതുകാരിക്ക് ഇവിടെയെത്തി രോഗസൗഖ്യം കിട്ടിയത് മാധ്യമങ്ങളുടെ പോലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ലൂര്‍ദ്ദ്മാതാവേ രോഗം മൂലം ക്ലേശിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അമ്മയുടെ മാധ്യസ്ഥശക്തിയാല്‍ അത്ഭുതകരമായ രോഗസൗഖ്യം നല്കണമേ. ആമ്മേന്‍.