കൊച്ചി: സഭയിലെ അച്ചടക്കം, ആരാധനാക്രമത്തിലെ ഐകരൂപ്യം തുടങ്ങിയ വിഷയങ്ങളില്‍ സീറോ മലബാര്‍ സിനഡിന് വ്യക്തമായ നിലപാടുകള്‍ ഉണ്ടാകണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെയും സിനഡ് പിതാക്കന്മാരുടെയും സംയുക്ത സമ്മേളനം. സീറോ മലബാര്‍ സഭയുടെ സിനഡിനോട് അനുബന്ധിച്ച് വിവിധ രൂപതകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെ സമ്മേളനത്തിലായിരുന്നു ഇങ്ങനെയൊരു തീരുമാനം.
സഭയുടെ ആഭ്യന്തരകാര്യങ്ങളില്‍ പോലും മാധ്യമങ്ങള്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതില്‍ അല്മായ നേതാക്കള്‍ ഉത്കണ്ഠ രേഖപ്പെടുത്തി. സാമൂഹികമാധ്യമങ്ങളിലൂടെ കക്ഷിതിരിഞ്ഞു നടത്തുന്ന പ്രചരണങ്ങള്‍ സഭാഗാത്രത്തില്‍ ആഴത്തില്‍ മുറിവേല്പിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയ യോഗം സഭയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവുകളിലേക്കും ചാനലുകളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ എല്ലാ വിശ്വാസികളും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.