കൃപാസനമാതാവിനെക്കുറിച്ചുള്ള മലയാളഗാനം ആറുഭാഷകളിലേക്ക്.
ഒരു ക്രൈസ്തവമലയാളം ഭക്തിഗാനം ആറു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു. ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ച എന്റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്നുതുടങ്ങുന്ന മരിയന്‍ ഭക്തിഗാനമാണ് തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, കൊങ്കിണി, അറബി
ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. മലയാള ക്രൈസ്തവ ഭക്തിഗാന ശാഖയില്‍ ആദ്യമായിട്ടാണ് ഒരു മലയാളഗാനം ഇത്രയും ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. മലയാളത്തിലിറങ്ങിയ ഗാനത്തിന് ലഭിച്ച പ്രചാരവും ആ ഗാനം വിശ്വാസികളില്‍ സൃഷ്ടിച്ച ഭക്തിയുടെ അലയൊലികളുമാണ് മറ്റു ഭാഷകളിലേക്കും
ഈ ഗാനം മൊഴിമാറ്റം നടത്താന്‍ പ്രേരണയായിരിക്കുന്നത്. ഓരോ ഭാഷയിലെയും പ്രമുഖരായ ഗായകരാണ് ശ്ബ്ദം നല്കിയിരിക്കുന്നത്. അതാതു ഭാഷകളില്‍ പ്രാവീണ്യമുള്ളവരാണ് മലയാളത്തില്‍ നിന്നുളള വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്. ഭാഷ ഏതായാലും ആദ്യഗാനത്തിന്റെ ഈണം അതേപടി നിലനിര്‍ത്തി ഗാനം ആലപിക്കാന്‍ കഴിയുന്നുവെന്നത് ദൈവത്തിന്റെ പ്രത്യേകമായ അഭിഷേകം ഈ ഗാനത്തിനുള്ളതു കൊണ്ടാണെന്ന് ലിസി വിശ്വസിക്കുന്നു.
ഗോഡ്‌സ് മ്യൂസിക്കിന്റെ ബാനറില്‍ ഒരു മാസം മുമ്പാണ് മലയാളത്തില്‍ ഈ ഗാനം ആദ്യമായി പുറത്തിറങ്ങിയത്. ഇതിനകം നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള വ്യക്തിയാണ് ലിസി സന്തോഷ്. ഭര്‍ത്താവ് എസ്.തോമസും ഭക്തി ഗാനരചനയില്‍ സജീവമായുണ്ട്. ഭര്‍ത്താവും ഭാര്യയും ഒന്നുപോലെ ഭക്തിഗാനരചനയില്‍ പ്രവര്‍ത്തിക്കുന്നു എന്ന അപൂര്‍വ്വതയും ഈ ദമ്പതികള്‍ക്കുണ്ട്. സുവിശേഷ പ്രഘോഷണത്തിനു തങ്ങളുടേതായ മാര്‍ഗ്ഗമെന്ന നിലയിലാണ് ഈ ദമ്പതികള്‍ ഭക്തിഗാനശാഖയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
യേശുക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ മറിയം ഒരാളാണെങ്കിലും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിശ്വാസികള്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ പേരുകളിലാണ് മറിയം അറിയപ്പെടുന്നത്. ഭക്തര്‍ ചാര്‍ത്തിക്കൊടുക്കുന്ന, പരിശുദ്ധ അമ്മയോടുളളസ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടയാളങ്ങളാണ് അവയോരോന്നും. കഴിഞ്ഞ ഇരുപതുവര്‍ഷമായി മലയാളികള്‍ ഭക്ത്യാദരപൂര്‍വ്വം പരിശുദ്ധ അമ്മയെ വിളിക്കുന്ന പേരാണ് കൃപാസനമാതാവ്. ഫാ. വി പി ജോസഫ് വലിയവീട്ടില്‍ നേതൃത്വം കൊടുക്കുന്ന കൃപാസനം ധ്യാനകേന്ദ്രത്തില്‍ ഇരുപതുവര്‍ഷം മുമ്പ് 2004 ഡിസംബർ ഏഴാം തീയതി
പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം നടന്നിരുന്നു. അന്നു മുതല്ക്കാണ് കൃപാസനമാതാവ് മലയാളികളുടെ സ്വന്തം അമ്മയായി മാറിത്തുടങ്ങിയത്. മാതാവിന്റെ പ്രത്യക്ഷമായ അടയാളങ്ങളും അത്ഭുതങ്ങളും ഈ മണ്ണില്‍ നിന്ന് അന്നുമുതല്‍ ഇന്നുവരെ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. ദിവസം തോറും ഇവിടെ എത്തിച്ചേരുന്ന വിശ്വാസികള്‍ അതിനുള്ള തെളിവാണ്. ആദ്യമായി കൃപാസനത്തില്‍ എത്തിയ അവസരത്തില്‍ ദൈവാത്മാവാല്‍ പ്രചോദിതയായിട്ടാണ് താന്‍ ഈ വരികള്‍ എഴുതിയതെന്ന് ലിസി പറയുന്നു. കൃപാസനത്തിലുണ്ടായ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ കൃപാസനമാതാവിനെക്കുറിച്ചുള്ള ഗാനം ഏഴു ഇന്ത്യന്‍ഭാഷകളില്‍ പുറത്തിറങ്ങുന്നത് മാതാവിന്റെ സ്‌നേഹവാത്സല്യങ്ങളുടെ അടയാളമായിട്ടാണ് ഫാ. വി. പി ജോസഫ് കാണുന്നത്.
ഗാനത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.