മലയാളം ഉള്‍പ്പടെയുള്ള മുപ്പതോളം ഭാഷകളില്‍ വിശുദ്ധ ബൈബിള്‍വായിക്കാനും ധ്യാനിക്കാനും ശ്രവിക്കാനും കഴിയുന്ന വിധത്തിലുള്ള ആപ്പു പുറത്തിറങ്ങിയിരിക്കുന്നു. www. bibleon.app ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, മലയാളം, കന്നഡാ ആസാമീസ് എന്നീ പ്രധാനഭാഷകള്‍ക്കൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭാഷകളിലും നിരവധി ഗോത്രഭാഷകളിലും ഇംഗ്ലീഷ്, നേപ്പാളി, ലാറ്റിന്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗാസി ഭാഷകളിലും ഈ ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത്രയധികം ഭാഷകളില്‍ കത്തോലിക്കാ ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
സലേഷ്യന്‍ സമൂഹാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിലും എലിയറ്റ് ഇന്നവേഷന്‍സ് സിഇഒയും കോ ഫൗണ്ടറുമായ തോംസണ്‍ ഫിലിപ്പും ചേര്‍ന്നാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വായിക്കാന്‍ അറിയാത്തവര്‍ക്കും കുട്ടികള്‍ക്കും കിടപ്പുരോഗികള്‍ക്കും സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കുമെല്ലാം ഏറെ സഹായകരമാണ് ഈ ആപ്പ്.
2033 ആകുമ്പോഴേയ്ക്കും രണ്ടായിരത്തോളം ഭാഷകളില്‍ ഈ മൊബൈല്‍ ആപ്പ് പുറത്തിറക്കുകയെന്നതാണ് തോംസണ്‍ ഫിലിപ്പിന്റെ സ്വപ്‌നം. ലോകസുവിശേഷീകരണത്തിന് ആധുനികസാങ്കേതികവിദ്യകള്‍ എത്രത്തോളം ഫലവത്തായി പ്രയോഗിക്കാനാവും എന്നതിന് മികച്ച തെളിവാണ് ഈ ആപ്പ്. 2013 ലെ ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തതുവഴിയാണ് സുവിശേഷവല്‍ക്കരണത്തിന് നവസാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനുള്ള പ്രചോദനം തോംസണ് ലഭിച്ചത്.
ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പനയ്ക്കലച്ചന്‍ ആ പ്രചോദനത്തിന് പ്രോത്സാഹനം നല്കിയത് ആപ്പ് യാഥാര്‍ത്ഥ്യമാക്കാന്‍ ഏറെ സഹായിച്ചുവെന്ന് തോംസണ്‍ നന്ദിയോടെ അനുസ്മരിക്കുന്നു.