Sunday, June 22, 2025
spot_img
More

    ഡിസംബര്‍ 1- ഔര്‍ ലേഡി ഓഫ് റാറ്റിസ്‌ബോണ്‍ ബവേറിയ

    ഡിസംബര്‍ 1- ഔര്‍ ലേഡി ഓഫ് റാറ്റിസ്‌ബോണ്‍ ബവേറിയ (1842)

    ഫ്രാന്‍സിലെ ഒരു യഹൂദനായിരുന്നുവെങ്കിലും ഒരു മതത്തിലും വിശ്വസിക്കാത്ത വ്യക്തിയായിരുന്നു അല്‍ഫോന്‍സ് റാറ്റിസ്‌ബോണ്‍. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ തിയോഡോര്‍ കത്തോലിക്കാസഭയില്‍ അംഗമാകുകയും പിന്നീട് വൈദികനായിത്തീരുകയും ചെയ്തു. ഇത് അല്‍ഫോന്‍സിനെ സംബന്ധിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. തന്റെ അറിവിലും അഹങ്കാരത്തിലും മതിമറന്ന അദ്ദേഹം ആത്മീയതയെ അങ്ങേയറ്റം പരിഹസിക്കുകയും ചെയ്തു. 1841 നവംബറില്‍ അല്‍ഫോന്‍സ് റോമിലെത്തി. അവിടെവച്ച് അദ്ദേഹം ബാരോണ്‍ ദെ ബ്രൂസിയറെ കണ്ടുമുട്ടി.

    ബാരോണ്‍ അല്‍ഫോന്‍സിനോട് അടിയന്തിരമായി മാതാവിന്റെ കാശുരൂപം ധരിക്കാനും വിശുദ്ധ ബെര്‍ണാദിന്റെ പ്രാര്‍ത്ഥനയായ ദി മെയോപ്രയർ ചൊല്ലുവാനും ആവശ്യപ്പെട്ടു. ഒട്ടും ഭക്തിയോ വിശ്വാസമോ ഇല്ലാതെ ഏതൊക്കെയോ വിധത്തില്‍ അല്‍ഫോന്‍സ് അതു ചൊല്ലിത്തീര്‍ത്തു. 1842 ജനുവരി 20. അന്നേദിവസം തെരുവിലൂടെ നടന്നുനീങ്ങുകയായിരുന്ന അല്‍ഫോന്‍സിനെ ബുസിയെറെ കാണുകയും തന്റെ വാഹനത്തില്‍ കയറാന്‍ ക്ഷണിക്കുകയും ചെയ്തു. വിശുദ്ധ ആന്ദ്രെ ഡെല്ലെ ദേവാലയത്തിലാണ് അവരുടെ യാത്ര അവസാനിച്ചത്.

    കാരണം ബാരോണിന് അവിടെ വൈദികനെ കാണേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം അല്‍ഫോന്‍സ് ദേവാലയത്തില്‍ പ്രവേശിച്ചു. അവര്‍ ദേവാലയത്തിലേക്ക് കടന്നുചെന്നതും അവിടമെങ്ങും പ്രകാശം നിറഞ്ഞു. ആ പ്രകാശധാരയില്‍ ചാപ്പലിനുള്ളില്‍ മാതാവ് നില്ക്കുന്നതും മാതാവിന്റെ മുഖം തേജോമയമായിരിക്കുന്നതും അല്‍ഫോന്‍സ് കണ്ടു. അല്‍ഫോന്‍സ് മാതാവിന്റെ അടുക്കലേക്ക് ഓടിച്ചെന്നപ്പോള്‍ മാതാവ് അയാളോട് മുട്ടുകുത്തിനില്ക്കാന്‍ ആംഗ്യം കാണിച്ചു. അയാള്‍ അതനുസരിച്ചു. മാതാവ് അയാളോട് ഒരുവാക്കു പോലും സംസാരിച്ചില്ല. പക്ഷേ ആ നിമിഷം തന്റെ ആത്മാവിന്റെ ശോച്യാവസ്ഥ അയാള്‍ക്കു മനസ്സിലായി. മാനവവംശം യേശുക്രിസ്തുവിന്റെ തിരുരക്തത്താലാണ് രക്ഷിക്കപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കിയ അയാള്‍ ക്രിസ്തുവിന്റെ സഭയില്‍ അംഗമാകാന്‍ തീവ്രമായി ആഗ്രഹിച്ചു. ഇതെല്ലാം സംഭവിച്ചത് മാതാവിന്റെ മുമ്പില്‍ മുട്ടുകുത്തി നിന്നപ്പോഴായിരുന്നു.

    തൊട്ടടുത്തദിവസംതന്നെ അല്‍ഫോന്‍സ് കര്‍ദിനാള്‍ പാട്രിസിയില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു. പോപ്പ് ഗ്രിഗറി പതിനാറാമന്‍ അല്‍ഫോന്‍സിനുണ്ടായ അത്ഭുതദര്‍ശനത്തെക്കുറിച്ച് പഠിക്കാനായി അന്വേഷണത്തിന് ഉത്തരവിടുകയും അതൊരു അത്ഭുതമായി ആധികാരികമായി അംഗീകരിക്കുകയും ചെയ്തു.

    അല്‍ഫോന്‍സ് മരിയ റാറ്റിസ്‌ബോണ്‍ എന്നാണ് മാമ്മോദീസാവേളയില്‍ അയാള്‍ പേരു സ്വീകരിച്ചത്. പിന്നീടുള്ള കാലം അയാള്‍ യേശുവിന്റെ വിശ്വസ്തനായ അനുയായിയായിട്ടാണ് ജീവിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!