Thursday, December 12, 2024
spot_img
More

    മുനമ്പം വഖഫ് ആണോ അല്ലയോ? വാദങ്ങൾ പരിശോധിക്കാം…

    മുനമ്പം വഖഫ് ആണോ അല്ലയോ?
    വാദങ്ങൾ പരിശോധിക്കാം…

    ഫാ. ജോഷി മയ്യാറ്റിൽ

    കടപ്പാട്: ശ്രീ. സ്റ്റാലിൻ ദേവൻ

    മുനമ്പം വഖഫല്ല എന്ന UDF നിലപാടിൽ കനത്ത വിള്ളലുണ്ടായത് മാധ്യമങ്ങളിൽ ഈ ദിനങ്ങളിൽ വൻവാർത്തയായി. വിഡി സതീശൻ വഖഫ് വിഷയത്തിൽ ഒറ്റപ്പെടുമെന്നും മുസ്ലീം ലീഗും മുസ്ലീം പ്രസ്ഥാനങ്ങളും സതീശൻ്റെ കരം വിട്ട് അബ്ദു റഹ്മാൻ്റെ കരം പിടിച്ചുകഴിഞ്ഞു എന്നും ഒരു മാസം മുമ്പ് ABC മലയാളത്തിനു നല്കിയ അഭിമുഖത്തിൽ ഞാൻ വ്യക്തമായി പറഞ്ഞിരുന്നു. ആ നിരീക്ഷണത്തിലേക്ക് എന്നെ നയിച്ചത് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുസ്ലീം നേതാക്കളുടെയും മുസ്ലീം ലീഗിൻ്റെ മുഖപത്രമായ ചന്ദ്രികയുടെയും നിലപാടുകളാണ്. മുനമ്പം വഖഫ് ഭൂമിയാണ് എന്നു പറയാതെ, പ്രശ്നം രമ്യമായി പരിഹരിക്കണം എന്ന് യാന്ത്രികമായി ആവർത്തിച്ച് ഉരുവിടുന്നതു കണ്ടപ്പോഴേ കാര്യങ്ങൾ എനിക്കു വ്യക്തമായിരുന്നു. ഈ വിഷയത്തിൽ സർക്കാർ എടുക്കുന്ന ഏതു നിലപാടിനോടും പൂർണമായും യോജിക്കും എന്നൊക്കെയുള്ള ഡയലോഗുകൾ ഡീൽ ഉറപ്പിച്ചു കഴിഞ്ഞു എന്നതിൻ്റെ വ്യക്തമായ സൂചനകളും ആയിരുന്നു.

    സർക്കാരിൻ്റെ നിലപാട്

    മുനമ്പം വഖഫ് ഭൂമിയാണ് എന്നതാണ് ന്യൂനപക്ഷ വകുപ്പു മന്ത്രിയായ ശ്രീ. അബ്ദു റഹ്മാൻ്റെയും, തദ്വാരാ, സർക്കാരിൻ്റെയും നിലപാട്. വഖഫ് ബോർഡിൻ്റെ നടപടികളുടെ ചുവടുപിടിച്ചാണ് സർക്കാർ ഈ നിലപാട് പുലർത്തുന്നത്. 1989-1991 കാലഘട്ടത്തിൽ ഫാറൂഖ് കോളേജിൻ്റെ പക്കൽ നിന്ന് നാട്ടുകാർ വാങ്ങിയ മുനമ്പം ഭൂമി വഖഫാണ് എന്ന് വഖഫ് ബോർഡ് 2009 ജൂൺ 24ന് കല്പനയിറക്കുകയും 2019-ൽ വഖഫ് ബോർഡിൻ്റെ ആസ്തി വിവരപ്പട്ടികയിലേക്ക് എഴുതിച്ചേർക്കുകയും സർക്കാർ രേഖകളിൽ അവരുടെ ഉടമസ്ഥാവകാശം നീക്കം ചെയ്യുകയും ചെയ്തതിലൂടെയാണ് മുനമ്പം നിയമപരമായി വഖഫ് ഭൂമിയായി മാറിയത്.

    വഖഫ് അനുകൂല വാദഗതികൾ

    a) മുനമ്പം വഖഫ് ഭൂമിയാണെന്നു പറയാൻ വഖഫ് ബോർഡിന് ഒറ്റ കാരണമേയുള്ളൂ: സിദ്ധിഖ് സേട്ടു എന്ന വ്യക്തി ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മറ്റിയുടെ പേരിൽ 1950 നവംബർ മാസം ഒന്നാം തീയതി രജിസ്റ്റർ ചെയ്ത 2115-ാം നമ്പർ ആധാരത്തിൽ കാണുന്ന ‘വഖഫ് ആധാരം’ എന്നും ‘വഖഫായി’ എന്നുമുള്ള രണ്ടു പ്രയോഗങ്ങൾ! ആ “കാരണം” ആണ് 1995ലെ വഖഫ് ആക്ടിൻ്റെ 40-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പിലെ പഴുതുകൾ ഉപയോഗിച്ച് വഖഫ് ബോർഡിന് മുനമ്പം ഭൂമി വഖഫാണെന്നു “വിശ്വസിക്കാൻ കാരണം” ആയി ഭവിച്ചത്!

    b) മുനമ്പം വഖഫ് ഭൂമിയാണെന്ന് വാദിക്കുന്നവരുടെ മറ്റൊരു വാദം പറവൂർ സബ് കോടതിയിലും ഹൈക്കോടതിയിലും മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന വിധിയുണ്ട് എന്നതാണ്. ഇത് സത്യമാണോ എന്നു പരിശോധിക്കാം. ഇവിടെ ആദ്യമായി തിരിച്ചറിയേണ്ടത്, മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്നോ സിദ്ദിഖ് സേട്ടു ഫാറൂഖ് കോളേജിന് എഴുതിക്കൊടുത്തത് വഖഫ് ഡീഡ് ആണോ ഗിഫ്റ്റ് ഡീഡ് ആണോ എന്നോ ഉള്ള ചോദ്യങ്ങൾ വഖഫ് ട്രൈബ്യൂണലിനു മുന്നിൽ അല്ലാതെ മറ്റൊരു കോടതിയിലും മുഖ്യ പരിഗണനാവിഷയമായി ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതാണ്. 1967 മുതൽ 1971 വരെ പറവൂർ കോടതിയിൽ നടന്ന കേസിൻ്റെ വിധിയിൽ 43-ാമത്തെ നമ്പരായി കാണുന്ന ഒരു passing പരാമർശത്തെ വഖഫ് വിധിയായി ചിത്രീകരിക്കുന്നവർ ആടിനെ പട്ടിയാക്കാൻ ശ്രമിക്കുകയാണ്. വഖഫ് ആധാരം എന്ന് ശീർഷകത്തിൽ കണ്ടതു കൊണ്ടു മാത്രം വഖഫ് ഡീഡായി ഒരു പ്രമാണത്തെ പരിഗണിക്കാനാവില്ല എന്ന കോടതി വിധികൾ നിലവിലുണ്ട്. ആ വിവേകപൂർണമായ നിലപാട് 1971-ൽ ഹൈക്കോടതി പരിഗണിച്ച കേസിൻ്റെ 1975-ലെ വിധിയിൽ കാണാം. അതിൽ ഒരിടത്തും വഖഫ് ഡീഡ് എന്ന സൂചനയില്ല. മറിച്ച്, മൂന്നിടത്ത് വ്യക്തമായി കാണുന്നത് ഗിഫ്റ്റ് ഡീഡ് എന്നാണ്.

    c) കേരള നിയമസഭയിൽ മുനമ്പം ഭൂമി വഖഫാണെന്നു പരാമർശമുണ്ട് എന്നതാണ് മറ്റൊരു വാദം. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. ഫാറൂഖ് കോളേജും നാട്ടുകാരും തമ്മിൽ 1961-ൽ പ്രശ്നമുണ്ടായപ്പോൾ മുനമ്പംകാരെ പോലീസ് അറസ്റ്റു ചെയ്തതു സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ സി.ജി. ജനാർദ്ദനൻ MLAയോട് ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ പറഞ്ഞത് ആ ഭൂമി ഫാറൂഖ് കോളേജിൻ്റെ വകയാണ് എന്നാണ്, വഖഫ് ഭൂമിയാണ് എന്നല്ല.

    വഖഫ് പ്രതികൂല വാദഗതികൾ

    വഖഫിന് അനുകൂലമായി മേൽപറഞ്ഞ മൂന്നു വാദങ്ങളാണ് നിലവിലുള്ളത്. എന്നാൽ മുനമ്പം വഖഫല്ല എന്നു തെളിയിക്കാൻ അഞ്ചു വാദങ്ങളെങ്കിലും നിലവിലുണ്ട്. അവ നമുക്ക് ഇനി പരിശോധിക്കാം.

    a) ഒരു വസ്തു വഖഫാണോ അല്ലയോ എന്ന് തീരുമാനിക്കുമ്പോൾ ആദ്യമായി പരിഗണിക്കേണ്ട വിഷയം വഖഫുണ്ടാക്കി എന്ന് പറയുന്ന വ്യക്തിക്ക് (വാഖിഫ്) വഖഫായി പ്രഖ്യാപിച്ച വസ്തുവിൽ പരിപൂർണ്ണ ഉടമസ്ഥത ഉണ്ടായിരുന്നോ എന്ന കാര്യമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് 1950 നവംബർ ഒന്നാം തീയതി സിദ്ദിഖ് സേട്ടു ഫറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്ത 2115-ാം നമ്പർ ആധാരം പരിശോധിക്കപ്പെടേണ്ടത്.
    സിദ്ദിഖ് സേട്ടു വഖഫായി പ്രഖ്യാപിച്ചു എന്ന് വഖഫ് ബോർഡ് അവകാശപ്പെടുന്ന വസ്തു മുനമ്പത്തെ (1947-ലെ) മുൻ സർവ്വേ 1/18 ലെയും 8/18 മുതൽ 17/18 വരെയും 19/18 മുതൽ 24/18 വരെയും 27/18 മുതൽ 40/18 വരെയും 42/18 മുതൽ 46/18 വരെയും ഉൾപ്പെട്ട വസ്തുക്കളും കൂടാതെ പണ്ടാരവക വെറുംപാട്ടം പൊയിൽ നികത്തുപുരയിടങ്ങളും പൊയിലും ആണ്. ഇതെങ്ങനെ സിദ്ദിഖ് സേട്ടുവിന് ലഭിച്ചു എന്നും അതിൽ പരിപൂർണ്ണ ഉടമസ്ഥാവകാശം 1950 നവംബർ 1-ന് അദ്ദേഹത്തിനുണ്ടായിരുന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ അതിസൂക്ഷ്മമായ അന്വേഷണവും പഠനവുമാണ് ശ്രീ. സ്റ്റാലിൻ ദേവൻ നടത്തിയിട്ടുള്ളത്.

    6 വയസ്സുള്ള ഏക മകൾ ആമിനയെ മാത്രം അവശേഷിപ്പിച്ച് ബാപ്പ മൂസ അബ്ദുൾ കരീം സേട്ടു 1945 മേടം 6-ന് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന വസ്തുവകകളുടെ receiver ആയി 1946-ൽ കോടതി നിയോഗിച്ച ആളാണ് സിദ്ദീഖ് സേട്ടു എന്ന് 1947 (1122) കർക്കിടകമാസം 12-ാം തീയതി രജിസ്റ്റർ ചെയ്യപ്പെട്ട ഭാഗപത്രത്തിൽ കാണുന്നു. അതിൽ പറയുന്ന വസ്തുക്കളിൽ ഒരു ഭാഗമാണ് 1950-ലെ ആധാരത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. അത്തരം ഒരു വസ്തു കുട്ടി മൈനർ ആയിരിക്കുമ്പോൾ തന്നെ (11 വയസ്സ്) വഖഫാക്കാൻ സിദ്ധിഖ് സേട്ടുവിന് ശരിയത്ത് നിയമപ്രകാരവും മറ്റ് സെക്കുലർ നിയമപ്രകാരവും കഴിയുമോ എന്ന ചോദ്യമാണ് മുനമ്പം വഖഫ് വിഷയത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നത്!

    ശരിയത്ത് നിയമപ്രകാരം ഒരു വ്യക്തി മരണപ്പെട്ടാൽ അയാളുടെ വസ്തുക്കളിൽ ആദ്യ അവകാശികൾ ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരാണ്. മൂസാ സേട്ടു മരണപ്പെട്ടത് ഉദ്ദേശം 30-ാം വയസ്സിലാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയും അന്ന് ജീവിച്ചിരുന്നു.
    എന്നാൽ മൂസയുടെ മരണാനന്തരം അദ്ദേഹത്തിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 1947-ൽ നടന്ന ഭാഗപത്രത്തിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ വെളിവാകുന്നു: മൂസയുടെ 4 സഹോദരിമാർ തമ്മിൽ ടി വസ്തുവിന്റെ അവകാശം സംബന്ധിച്ച് എറണാകുളം അഞ്ചികൈമൾ ഡിസ്ട്രിക്ട് കോർട്ടിൽ വ്യവഹാരങ്ങൾ നിലനിന്നിരുന്നു; മുഴുവൻ വസ്തുക്കളും കോടതി നിയമിച്ച സിദ്ദിഖ് സേട്ടുവിൽ നിക്ഷിപ്തമായിരുന്നു;
    മൈനറായ ആമിനയുടെ സംരക്ഷണത്തിനായി അദ്ദേഹത്തെത്തന്നെ നിയമിച്ചിരുന്നു.
    ഭാഗപത്രത്തിൽ മൂസയുടെ ഭാര്യയോ മാതാപിതാക്കളോ കക്ഷികൾ ആയിരുന്നില്ല എന്ന് മാത്രമല്ല, അവരെക്കുറിച്ച് ഒരു പരാമർശം പോലുമില്ല.

    ആമിനയുടെ റിസീവറും ഗാർഡിയനുമായി ഒരു കോടതി നിയോഗിച്ചു എന്ന് പറയപ്പെടുന്ന (കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ഭാഗപത്രത്തിലില്ല) സിദ്ദിഖ് സേട്ടുവും മൂസയുടെ സഹോദരിമാരായ മറിയം ബായി, ജിംബു ബായി, ഫാത്തിമാ ബായി, റുക്കു ബായി എന്നിവർ ചേർന്ന് 1947 കർക്കിടകം 12-ന് 70-ാം നമ്പരായി ഭാഗപത്രം നടത്തിയപ്പോൾ മൈനറായ ആമിനയ്ക്ക് പട്ടിക തിരിച്ച് ഭാഗം നൽകിയിരുന്നില്ല. എന്നാൽ ജിംബു ബായിക്ക് നൂറുകണക്കിന് ഏക്കർ ലഭിച്ചു. അതിൽ ഒരു ഭാഗമാണ് മുനമ്പത്തെ വിവാദ വസ്തു. ജിംബു ബായി തനിക്ക് ഭാഗാധാരപ്രകാരം ലഭിച്ച വസ്തുക്കളിൽ നിന്നും 404.76 ഏക്കർ വസ്തു സിദ്ദിഖ് സേട്ടുവിന് 1948-ൽ 875-ാം നമ്പർ തീറാധാരമായി കൊടുത്തു എന്നാണ് രേഖ.

    ആമിന മൈനർ ആയിരിക്കേ ബാപ്പ മൂസയുടെ സ്വത്ത് ജംബു ബായിക്കും ഫാത്തിമാ ബായിക്കുമായി വീതിച്ചു നല്കി എന്നാണ് ഭാഗാധാരത്തിൽ കാണുന്നത്. അതിൽ നിന്നും ഒരു ഭാഗമാണ് (മുനമ്പം) ജംബുഭായി സിദ്ദിഖ് സേട്ടുവിന് വിറ്റതെന്ന് തീറാധാരത്തിൽ കാണുന്നു. കുട്ടി പ്രായപൂർത്തിയാകുമ്പോൾ ഭാഗാധാരം ചോദ്യം ചെയ്യാനുള്ള അവകാശം അവൾക്ക് ഉണ്ടായിരിക്കേ, എന്നന്നേക്കുമായി അതു വഖഫു ചെയ്യാൻ 1950-ൽ സിദ്ദിഖ് സേട്ടുവിന് ഒരു കാരണവശാലും സാധിക്കുമായിരുന്നില്ലല്ലോ. ഇതിനാണ് ഇസ്‌ലാം മത പണ്ഡിതർ, വഖഫ് ബോർഡ്, സർക്കാർ എന്നിവർ മറുപടി പറയേണ്ടത്!

    b) വഖഫ് നിയമത്തിൻ്റെ നാലാം വകുപ്പു പ്രകാരം ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിക്കുന്നതിനു മുമ്പ് സർവേ കമ്മീഷണർ സർവേ നടത്തേണ്ടതുണ്ട്. അതു നടത്താതിരുന്നാൽ വഖഫ് പ്രഖ്യാപനം അസാധുവായിരിക്കും എന്നാരു വിധി സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട് (cf. 2023 KHC OnLine 6590). 2009-ലെ വഖഫ് പ്രഖ്യാപനത്തിനു മുമ്പോ പിമ്പോ മുനമ്പം ഭൂമി സർവേയ്ക്കു വിധേയമായിട്ടില്ല എന്നതിന് മുനമ്പത്തെ നാട്ടുകാർ തന്നെ സാക്ഷി! സർവേ നടത്തി അതിരുകൾ തിരിച്ചല്ലാതെ എങ്ങനെയാണ് വഖഫ് ബോർഡിന് ഭൂമി വഖഫായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്?

    ഇതിനു പിന്നിൽ ആരും ഇതുവരെ പരാമർശിക്കാത്ത, എന്നാൽ പഴമക്കാർക്കെല്ലാം അറിയാവുന്ന ഒരു യാഥാർത്ഥ്യമുണ്ട്. വടക്കേക്കര വില്ലേജിൽ 18/1 ആയി കൊടുത്തിരിക്കുന്ന 404.76 ഏക്കർ ഭൂമി പുറമ്പോക്കു കനാലിൻ്റെ പടിഞ്ഞാറു വശത്താണെന്ന് 1971-ലെ സബ് കോടതി വിധിപ്പകർപ്പിൻ്റെ ആദ്യ പേജിൽത്തന്നെ കാണാം. പുറമ്പോക്കു കനാലിനു പടിഞ്ഞാറു വശത്ത് 60 ഏക്കർ വെള്ളവും 114 ഏക്കർ ഭൂമിയും ഇന്ന് നിലവിലുണ്ട്. ബാക്കിയുള്ള 250 ഏക്കറോളം ഭൂമി കടലെടുത്തു പോയി എന്നതാണ് വസ്തുത. അതായത്, സിദ്ദീഖ് സേട്ടു ഫാറൂഖ് കോളേജിനു കൊടുത്ത ഭൂമി കിഴക്കു പടിഞ്ഞാറായാണ് കിടക്കുന്നത്. ഇത് പഴയ തിരുവതാംകൂർ രാജ്യത്തിൻ്റെ ഭാഗവുമാണ്. എന്നാൽ, 2003 ഒക്ടോബർ 17-ാം തീയതി പരസ്യപ്പെടുത്തിയിട്ടുള്ള റീസർവേ വിവരമനുസരിച്ച് ബ്ലോക്ക് 1-ൻ്റെ കിടപ്പ് തെക്കു വടക്കായിട്ടാണ്! അതായത്, 404.76 ഏക്കർ പഴയ കൊച്ചി രാജ്യത്തിലും പഴയ തിരുവതാംകൂർ രാജ്യത്തിലുമായി വ്യാപിച്ചു കിടക്കുന്നതായിട്ടാണ്! ഇത് വലിയ ഒരു മറിമായമാണ്. ഞാൻ മനസ്സിലാക്കുന്നതനുസരിച്ച്, അഡ്വ. എം.വി. പോളും ഫാറൂഖ് കോളേജും ചേർന്നു നടത്തിയ ഒരു മഹാദ്ഭുതമാണിത്! കടലെടുത്ത ഭൂമിക്കു പകരം സർക്കാർ വക ഭൂമി ഫാറൂഖ് കോളേജിൻ്റെ സ്വന്തമായി മാറിയ ഈ മാജിക്ക് ഇപ്പോൾ സർക്കാർ രേഖകളിലും കാണാം. ഇതിൽ ഭരണകൂടത്തിൻ്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയുമെല്ലാം കള്ളക്കളി നടന്നിട്ടുണ്ട് എന്ന വസ്തുത അന്വേഷണ വിധേയമാക്കേണ്ടതാണ്.

    c) 1950-ലെ ഡീഡിൽ ഫാറൂഖ് കോളേജിന് ക്രയവിക്രയ സർവസ്വാതന്ത്ര്യമുണ്ട് എന്ന് എഴുതി വച്ചിട്ടുണ്ടല്ലോ. എങ്കിൽ ആ ഡീഡ് എങ്ങനെ വഖഫ് ഡീഡാകും?

    d) ഫാറൂഖ് കോളേജ് നിലച്ചുപോവുകയോ മുസ്ലീം സമുദായത്തിൻ്റെ വിദ്യാഭ്യാസ ഉന്നതി എന്ന ലക്ഷ്യത്തിനായി ഭൂമി ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ വസ്തു തൻ്റെ പിൻഗാമികളിലേക്ക് തിരികെയെത്തണം എന്ന് ഡീഡിൽ കാണുന്നുണ്ടല്ലോ. അങ്ങനെ വ്യവസ്ഥ വച്ചാൽ അത് എങ്ങനെ ഒരു വഖഫ് ആകും?

    e) ഒരു ലക്ഷം ഉറുപ്പിക വില നിശ്ചയിച്ചായിരുന്നു സിദ്ദിഖ് സേട്ടു ഭൂമി ഫാറൂഖ് കോളേജിനു നല്കിയത് എന്ന് കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ, ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ, വഖഫ് ബോർഡു ചെയർമാൻ എന്നിങ്ങനെ വിവിധ തസ്തികകൾ വഹിച്ചിരുന്ന പ്രൊഫ. കെ.എ. ജലീൽ 2001-ൽ രചിച്ച “തിരിഞ്ഞുനോക്കുമ്പോൾ” എന്ന തൻ്റെ ആത്മകഥയിൽ എഴുതിവച്ചിട്ടുണ്ടല്ലോ (അധ്യായം 18; പേജ് 109). പണം വാങ്ങി വിറ്റത് എങ്ങനെ വഖഫ് ഭൂമിയാകും?!

    നീതി ഉറപ്പാക്കുന്ന ഭേദഗതി അനിവാര്യം

    ഇത്തരം വാദപ്രതിവാദങ്ങൾ ഗൗരവമായി പരിശോധിക്കാൻ നിലവിൽ സ്വതന്ത്ര സംവിധാനങ്ങളില്ല എന്നതാണ് ഇന്നത്തെ ദുരന്തം. വഖഫ് ട്രൈബ്യൂണലിൽ വഖഫ് വിരുദ്ധ വാദങ്ങൾക്ക് പിന്തുണ ലഭിക്കില്ല എന്ന ഭയം അടിസ്ഥാനരഹിതമല്ല. സർക്കാർ നിയോഗിച്ചിരിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ്റെ പരിഗണനാവിഷയമായി ഇതു വന്നതായി കാണുന്നില്ല. ഈ വാദഗതികളെ പരിശോധിക്കാതെയുള്ള അന്വേഷണം തീർച്ചയായും അപൂർണമായിരിക്കും. എന്നാൽ, അതു നടന്നാൽ തന്നെയും ഈ വിഷയത്തിൻ്റെ പാൻ-ഇന്ത്യൻ സ്വഭാവം മറക്കാനാവില്ലല്ലോ. മുനമ്പം പോലുള്ള അനുഭവങ്ങളും വഖഫ് അസെറ്റ് മാനേജ്മെൻ്റ് സിസ്റ്റം ഓഫ് ഇന്ത്യ എന്ന വഖഫ് കൗൺസിലിൻ്റെ പോർട്ടൽ വെളിവാക്കുന്ന അധിവേശബാഹുല്യവും മൂലം പൗരന്മാർക്ക് ഇന്ന് ഉണ്ടായിട്ടുള്ള ഭയം നീങ്ങിപ്പോകാനും ഭരണഘടന നല്കുന്ന നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പുവരുത്താനും വഖഫ് ആക്ട് ഭേദഗതി ചെയ്യുക എന്നത് അനിവാര്യമാണ്. അങ്ങനെയേ ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടുകയുള്ളൂ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!