എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയിലെ നാലു വൈദികരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ബോസ്‌ക്കോ പുത്തൂര്‍ ഉത്തരവിറക്കി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്‍, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ഡി പോറസ് പള്ളിവികാരി ഫാ. തോമസ് വാളൂക്കാരന്‍, മാതാനഗര്‍ വേളാങ്ക്ണ്ണിമാതാ പള്ളിവികാരി ഫാ. ബെന്നി പാലാട്ടി എന്നിവരെയാണ് ചുമതലകളില്‍ന ിന്ന് ഒഴിവാക്കിയത്.
തൃക്കാക്കര വിജോഭവന്‍, പൊതിസാന്തോംഭവന്‍, കലൂര്‍ റിന്യൂവല്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് മാറിതാമസിക്കാനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. വൈദികരെ നീക്കം ചെയ്ത പള്ളിയോട് അനുബന്ധിച്ചുള്ള സ്ഥാപനങ്ങളിലോ കപ്പേളകളിലോ കുര്‍ബാന അര്‍പ്പിക്കാനോ കൂദാശകള്‍ പരികര്‍മ്മംചെയ്യാനോ അനുവാദമുണ്ടായിരിക്കുന്നതല്ല. മാറ്റിനിര്‍ത്തപ്പെടുന്ന കാലയളവ് അനുതാപത്തിനും തെറ്റുതിരുത്തുന്നതിനുമുള്ള അവസരമായി കാണണമെന്നും മാര്‍ ബോസ്‌ക്കോ പുത്തൂര്‍ കല്പനയില്‍ നിര്‍ദ്ദേശിച്ചു. വൈദികര്‍ക്ക് ലഭിച്ചിരിക്കുന്ന കല്പനകള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നപക്ഷം കൂടുതല്‍ കര്‍ശനമായ സഭാനടപടികളിലേക്ക് നീങ്ങുന്നതായിരിക്കും എന്ന മുന്നറിയിപ്പും നല്കിയിട്ടുണ്ട്.