മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയ്ക്ക് ആദരവർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷനായിരുന്ന മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ നേതൃശുശ്രൂഷയ്ക്ക് ആദരവർപ്പിച്ചും ശുശ്രൂഷ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി ആശംസകൾ നേർന്നും കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ട വൈദിക സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ , മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ സംസാരിച്ചു. ആരാധന സമൂഹമായി വളർത്തുന്നതിനും പരിപാലിക്കുന്നതിനും ജാഗ്രതയോടെ വർത്തിച്ച മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ശുശ്രൂഷ സഭയ്ക്കും സമൂഹത്തിനും മാതൃക നല്കുന്നതാണെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. ശുശ്രൂഷയുടെ ചൈതന്യത്തിൽ തനിക്കേത്പിക്കപ്പെട്ട ദൈവജനത്തെ കുറവുകൂടാതെ പരിപാലിക്കുവാൻ മാർ ജോസഫ് പെരുന്തോട്ടത്തിന് കഴിഞ്ഞുവെന്ന് കാഞ്ഞിരപ്പള്ളി രൂപത മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ മാർ ജോസഫ് പെരുന്തോട്ടം പങ്കുവയ്ച്ച ധ്യാന ചിന്തകളോടെ ആരംഭിച്ച വൈദിക സമ്മേളനത്തിൽ രൂപതയിലെ വൈദികരെല്ലാവരും പങ്കുചേർന്നു. തുടർന്ന് നടത്തപ്പെട്ട വൈദിക സമ്മേളനത്തിൽ രൂപത വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു.
ഫോട്ടോ: മാർ ജോസ് പുളിക്കലും മാർ മാത്യു അറയ്ക്കലും മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയോടുള്ള ആദരവറിയിച്ച് ഉപഹാരം സമർപ്പിക്കുന്നു.