പരുന്തുംപാറയില്‍ ബ്ര. സജിത് നടത്തുന്ന കുത്സിതപ്രവൃത്തികളെ ചോദ്യം ചെയ്തുകൊണ്ട് ഫാ.സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. സാധാരണക്കാരുടെയെല്ലാം വികാരം ഈ കുറിപ്പില്‍ അടങ്ങിയിട്ടുണ്ട്.കുറിപ്പിന്റെ പൂര്‍ണരൂപം:
കുരിശുകൊണ്ടു കളിക്കുന്നവര്‍…
ഈ ദിവസങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന കരളുപിളര്‍ത്തുന്ന ദുരന്തവാര്‍ത്തകള്‍ക്കിടയില്‍ പരുന്തുംപാറയില്‍ സര്‍ക്കാര്‍ഭൂമിയില്‍ അനധികൃതമായി കെട്ടിടം പണിതുയര്‍ത്തുകയും പിടിവീഴുമെന്നായപ്പോള്‍ ഞൊടിയിടയില്‍ ഒരു ഭീമാകാരന്‍ കുരിശ് നിര്‍മ്മിച്ച് അനധികൃതകൈയേറ്റത്തെയും കെട്ടിടത്തെയും മാമ്മോദീസാമുക്കാന്‍ ശ്രമിക്കുകയുംചെയ്ത ഒരു അത്ഭുതരോഗശാന്തിവീരന്റെ വാര്‍ത്തവന്നത് അധികം ശ്രദ്ധിക്കപ്പെടാതെ കടന്നുപോയി.
എന്തിനും ഏതിനും സഭയെ ചൊറിഞ്ഞുകൊണ്ടിരിക്കുന്ന ഏതാനുംചില സ്ഥിരം കൂലിയെഴുത്തുകാര്‍ കുരിശുകൃഷിയെന്ന പതിവു വിശേഷണത്തോടെ അതിനേക്കുറിച്ച് ചില പ്രതികരണങ്ങള്‍ നടത്തിയതായി കണ്ടു. കൂടാതെ ദീപിക ദിനപത്രവും എഡിറ്റോറിയല്‍വഴി അതെക്കുറിച്ച് ഉചിതമായി പ്രതികരിച്ചിട്ടുണ്ട്. പിറകേനടന്ന് അയാളുടെ കള്ളത്തരങ്ങളൊക്കെ വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ച മറുനാടനെയും മറക്കുന്നില്ല.
എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമായും വെറും വാര്‍ത്തയായുംകണ്ട് അവഗണിക്കാന്‍ സഭാധികാരികള്‍ തുനിയരുത്. കാരണം ഇതില്‍ ക്രൈസ്തവവിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രതീകമായ വിശുദ്ധ കുരിശിനെയാണ് ഒരു തിന്മയെ വെളുപ്പിക്കാന്‍ കൂട്ടുപിടിച്ചിരിക്കുന്നത്. അത് തകര്‍ക്കപ്പെടുകയും ചെയ്തു. കൂടാതെ അതു ചെയ്ത വ്യക്തിയോ, ചിലരെങ്കിലും ദൈവതുല്യം കാണുന്ന ഒരു വചനപ്രഘോഷകനും…!
ആളുകളെ ആകര്‍ഷിക്കാനുള്ള നാട്യശാസ്ത്രവും, ബഹളമുണ്ടാക്കിയും മറുഭാഷയെന്ന രീതിയില്‍ എന്തെങ്കിലുമൊക്കെ അപശബ്ദമുണ്ടാക്കി ദുര്‍ബലബുദ്ധിക്കാരെ ‘അത്ഭുതപ്പെടുത്തുകയും’ ചെയ്യാനുള്ള കഴിവുമുണ്ടെങ്കില്‍ ആര്‍ക്കും കത്തോലിക്കാസഭയില്‍ വചനപ്രഘോഷകനായി മാറാമെന്നതാണ് ഇന്നത്തെ അവസ്ഥ. പരുന്തുംപാറയില്‍ വിശുദ്ധ കുരിശ് നിര്‍മ്മിച്ച് അവഹേളിക്കാന്‍ വിട്ടുകൊടുത്ത ധ്യാനഗുരുവിനെ കത്തോലിക്കാസഭയിലെ പുണ്യാളനാക്കാന്‍ കുടപിടിച്ചവര്‍ ആരാണെങ്കിലും അവര്‍ ഈയൊരു തിന്മപ്രവൃത്തിക്കു ഉത്തരംപറഞ്ഞേ മതിയാകു. ഇതുപോലുള്ള കള്ളനാണയങ്ങളെ തിരിച്ചറിയാതെ അവരുടെകൂടെ നടന്ന് അവര്‍ പറയുന്നതെല്ലാം വേദവാക്യമായി കാണുകയും ആദരവോടെ അനുസരിക്കുകയുംചെയ്യുന്ന അഭിഷിക്തരെയും മേല്‍പട്ടക്കാരെയുമൊക്കെ ചിലപ്പോള്‍ സോഷ്യല്‍മീഡിയായില്‍ കണ്ടിട്ടുണ്ട്. നാക്കിന്റെ ബലവും അഭിനയമികവുമാണോ കത്തോലിക്കാസഭയില്‍ ധ്യാനഗുരുവാകാനുള്ള യോഗ്യതയെന്ന് ഈ അത്ഭുതപ്രവര്‍ത്തകനെ കത്തോലിക്കാസഭയിലേക്കു സ്വീകരിക്കാന്‍ ശുപാര്‍ശചെയ്ത അധികാരികള്‍ വിശദീകരിക്കേണ്ടതുണ്ട്. സ്വാര്‍ത്ഥതാല്പര്യത്തോടെ സമീപിക്കുന്നവരെ തിരിച്ചറിയാനും അവരെ അവഗണിക്കാനുമുള്ള വിവേകവും വിജ്ഞാനവും അധികാരികള്‍ക്കുണ്ടാകുന്നത് അവര്‍ക്ക് സഭയോടും സഭയുടെ പ്രബോധനങ്ങളോടും ജീവനുതുല്യം സ്‌നേഹമുണ്ടാകുമ്പോഴാണ്. എന്നാല്‍ സഭയോടുള്ള പ്രതിബദ്ധതയേക്കാള്‍ ചില വ്യക്തികളോടു തോന്നുന്ന താല്പര്യവും രാഷ്ട്രീയത്തിലും സാമൂഹികചുറ്റുപാടുകളിലും കാണുന്നതുപോലെ മറ്റുള്ളവരുടെ ശുപാര്‍ശകളുമൊക്കെയാണ് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമാക്കുന്നതെങ്കില്‍ ഇനിയും ഇതുപോലുള്ള അപചയങ്ങള്‍ സഭയില്‍ ഉണ്ടായിക്കൊണ്ടിരിക്കും.
പതിറ്റാണ്ടുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കുംമുമ്പ് മലകളിലേയ്ക്കു പലായനം ചെയ്യേണ്ടിവന്ന ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായും പ്രതികൂലസാഹചര്യങ്ങളില്‍നിന്നു രക്ഷ ലഭിക്കുന്ന അഭയകേന്ദ്രമായും മലമുകളില്‍ സ്ഥാപിച്ച കുരിശുകളെനോക്കി ക്രൈസ്തവരെ കുരിശുകൃഷിക്കാരെന്നാക്ഷേപിക്കുന്ന നിക്ഷിപ്തതാല്പര്യക്കാര്‍ക്ക് അക്ഷരംതെറ്റാതെ കുരിശുകൃഷിയെന്നു വിളിക്കാവുന്ന ഒരു സംഭവമാണിത്.
ഈ സംഭവത്തിന്റെ വെളിച്ചത്തിലെങ്കിലും പ്രസ്തുത കച്ചവടക്കാരനെ കത്തോലിക്കാസഭയിലെ ധ്യാനഗുരുവായി അംഗീകരിച്ച് ഉയര്‍ത്തിയ അധികാരികള്‍ തങ്ങളുടെ തീരുമാനം പിന്‍വലിക്കുകയും അയാളെ തള്ളിപ്പറയുകയും ചെയ്യേണ്ടത് വിശ്വാസികള്‍ക്കുണ്ടാകുന്ന ഉതപ്പും സഭയ്ക്കും വിശ്വാസത്തിനുമുണ്ടാകുന്ന കോട്ടവും ലഘൂകരിക്കാന്‍ അനിവാര്യമാണ്.
വാലറ്റം: മറുഭാഷയില്‍ പ്രാര്‍ത്ഥിച്ച് വീടുകളിലെത്തി മാലമോഷ്ടിക്കുന്ന ഒരു പാവം കള്ളന്റെ പ്രാര്‍ത്ഥന ഇന്നു സോഷ്യല്‍മീഡിയായില്‍ കണ്ടു. മണ്ടന്‍ എന്നു മാത്രമേ അയാളെ വിളിക്കാന്‍ തോന്നുന്നുള്ളു. അല്പംകൂടി സെറ്റപ്പൊക്കെ ഉണ്ടാക്കിയിരുന്നെങ്കില്‍ എവിടെച്ചെന്നു നില്ക്കണ്ടയാളാ…അതിനുള്ള എല്ലാ സാദ്ധ്യതയുള്ളവനായിരുന്നെന്ന് പ്രകടനം കണ്ടപ്പോള്‍ മനസിലായി. എല്ലാം കളഞ്ഞുകുളിച്ചു…
ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍