നോര്‍ത്തേണ്‍ ഫ്രാന്‍സിലെ മൈനര്‍ ബസിലിക്കയാണ് ഔര്‍ ലേഡി ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍. ബൗലോഗ്നിലെ മാതാവിന്റെ ബസിലിക്ക എന്നും ഇതിനു പേരുണ്ട്. നഗരത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ ദേവാലയം. പാരമ്പര്യമനുസരിച്ച് 633 ല്‍ പ്രകാശംപൊഴിക്കുന്ന മാതാവിന്റെ ഒരുരൂപം ബോട്ടില്‍ ഈ നഗരത്തിലേക്ക് കൊണ്ടുവന്നു. അന്നത്തെ ബിഷപ്പായിരുന്ന സെന്റ് ഓമറാണ് ഈ രൂപം ദേവാലയത്തിലേക്ക് സംവഹിച്ചത്. അപ്പോള്‍ത്തന്നെ അത്ഭുതങ്ങള്‍ ആരംഭിക്കാനും തുടങ്ങി. ഔര്‍ലേഡി ഓഫ് ദ സീ എന്നാണ് ഈ മാതാവിനെ വിളിച്ചത്. 13-16 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇവിടേയ്ക്കുളള തീര്‍ത്ഥാടനം വ്യാപകമായത്. 1100 ല്‍ പുതിയ ദേവാലയം നിര്‍മ്മിച്ചു.
ഇവിടെ വച്ചാണ് എഡ്വേര്‍ഡ് രണ്ടാമന്‍ രാജാവ് ഫ്രാന്‍സിലെ ഇസബെല്ല രാജ്ഞിയെ വിവാഹം ചെയ്തത്. ഫ്രഞ്ചുവിപ്ലവകാലം വരെ ദേവാലയം സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടു, പിന്നീട് പലതരത്തിലുള്ള നാശനഷ്ടങ്ങളും നേരിടേണ്ടിവന്നു. ദേവാലയം പിടിച്ചെടുക്കപ്പെടുകയും ആരാധന മുടക്കുകയും ചെയ്തു. 1793 ല്‍ മാതാവിന്റെ രൂപം അഗ്നിക്കിരയാക്കി. മാതാവിന്റെ കൈയുടെ ഒരു ഭാഗം മാത്രമാണ് ലഭിച്ചത്. ബെനോയിറ്റ് എന്ന വൈദികന്‍ ദേവാലയംപുതുക്കിപ്പണിയുമെന്ന് ശപഥം ചെയ്തു. അദ്ദേഹം ഒരു ശില്പികൂടിയായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തൊടൊപ്പം സഹകരിച്ചു. ജോലി ആരംഭിച്ചപ്പോള്‍ വലിയൊരു ക്രിപ്റ്റ് ഏകദേശം 128 മീറ്ററുള്ളത് കണ്ടെടുക്കപ്പെട്ടു.