വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. വത്തിക്കാന്‍ പ്രാദേശിക സമയം രാവിലെ 7.35 ന് ആയിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയില്‍ 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞശേഷം മാര്‍ച്ച് 23 നാണ് മാര്‍പാപ്പ തിരികെയെത്തിയത്. 266 ാമത്തെ മാര്‍പാപ്പയായി 2013 മാര്‍ച്ച് 13 നാണ് കര്‍ദിനാള്‍ ജോര്‍ ജ് മാരിയോ ബര്‍ഗോളിയോ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നുവരെയുളള മാര്‍പാപ്പമാരുടെ ചരിത്രത്തില്‍ ആദ്യമായി അസ്സീസിയിലെ നിസ്വന്‍ ഫ്രാന്‍സിസിന്റെ പേരു സ്വീകരിച്ചുകൊണ്ട് പത്രോസിന്റെ പിന്‍ഗാമിയായിത്തീര്‍ന്നതു മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രം രചിക്കുകയായിരുന്നു. ഈശോസഭയില്‍ നിന്നും ലാറ്റിന്‍അമേരിക്കയില്‍ നിന്നുമുള്ള ആദ്യത്തെ മാര്‍പാപ്പയായിരുന്നു ഫ്രാന്‍സിസ്. മാത്രവുമല്ല സിറിയായില്‍ നിന്നുള്ള ഗ്രിഗറി മൂന്നാമനുശേഷം യൂറോപ്പിനുപുറത്തുനിന്നുള്ള മാര്‍പാപ്പയും അദ്ദേഹമായിരുന്നു. 1936 ഡിസംബര്‍ 17 ന് അര്‍ജന്റീനയിലായിരുന്നു ജനനം. 1969 ഡിസംബര്‍ 13 ന് വൈദികനായി. 1992 ല്‍ ബ്യൂണസ് അയേഴ്‌സിന്റെ സഹായമെത്രാനും 1998 ല്‍ ആര്‍്ച്ചുബിഷപ്പുമായി. 2001 ല്‍ കര്‍ദിനാളായി.