നേപ്പല്‍സ്: തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമാകുന്ന അത്ഭുതം ആവര്‍ത്തിച്ചു. അസംപ്ഷന്‍ ഓഫ് മേരി കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ് വിശുദ്ധന്റെ രക്തം ദ്രാവകമായി മാറിയത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ സെപെയുടെ കാര്‍മ്മികത്വത്തിലായിരുന്നു വിശുദ്ധ കുര്‍ബാന.മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, നേപ്പല്‍സിന്റെ മാധ്യസ്ഥനായ വിശുദ്ധനാണ് ജാനിയൂരീസ്. ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് രക്തസാക്ഷിത്വം വരിച്ചത്. പ്രാദേശികമായി ഈ അത്ഭുതം അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഔദ്യോഗികമായി സഭ ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. വര്‍ഷത്തില്‍ മൂന്നു തവണ ഈ അത്ഭുതം നടന്നിട്ടുണ്ട്. വിശുദ്ധന്‌റെ തിരുനാള്‍ ദിനമായ സെപ്തംബര്‍ 19, മെയിലെ ആദ്യഞായറിന് മുമ്പുള്ള ശനിയാഴ്ച, ഡിസംബര്‍ 16 എന്നീ ദിനങ്ങളിലാണ് രക്തം ദ്രാവകമായി മാറുന്നത്. പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പയുടെ സാന്നിധ്യത്തിലും രക്തം ദ്രാവകമായി മാറിയിട്ടുണ്ട്. എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ എന്നീ മാര്‍പാപ്പമാരുടെ സാന്നിധ്യത്തില്‍ ഈ അത്ഭുതം സംഭവിച്ചിട്ടുമില്ല..